ആലപ്പുഴ:വി ആർ കൃഷ്‌ണതേജ ആലപ്പുഴ കളക്ടറായി ചുമതല ഏറ്റെടുത്തു.ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്.ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.ശ്രീറാം വെങ്കിട്ടരാമൻ എത്താത്ത സാഹചര്യത്തില്‍ എഡിഎം സന്തോഷ്‌കുമാറാണ് ചുമതല കൈമാറിയത്.
ശ്രീറാമിന് സപ്ലൈകോയില്‍ ജനറല്‍ മാനേജര്‍ ആയാണ് പുതിയ നിയമനം. കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കടുത്ത നിയമലംഘനങ്ങള്‍ നടത്തിയെന്ന് ആരോപണം നിലനില്‍ക്കുന്ന ആളാണ് ശ്രീറാം. ഔദ്യോഗിക സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ അട്ടിമറിച്ചു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശ്രീറാം തിരികെ എത്തിയപ്പോള്‍ ആദ്യം നല്‍കിയ പദവിയും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൊവിഡ് വ്യാപന ഘട്ടത്തില്‍ കൊവിഡ് 19 സ്‌പെഷ്യല്‍ ഓഫീസര്‍ ആയിട്ടായിരുന്നു അന്ന് നിയമനം.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയനും പ്രതിപക്ഷവും വലിയ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ശ്രീറാമിനെ സ്ഥാനത്ത് നിന്ന് മറ്റുന്നത് സംബന്ധിച്ച് അനുകൂലമായ ഒരു സൂചനയും രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കുകയും ചെയ്തിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി ഓഗസ്റ്റ് 1 ന് വൈകീട്ട് പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.