ഡൽഹി:കെപിസിസി (KPCC) ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheeshan ). പട്ടിക ഇന്നോ നാളെയോ സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടത്തിയ ചർച്ചകളിൽ കേരളത്തിലെ മുതിർന്ന നേതാക്കൾ തൃപ്തരാണെന്ന് കരുതുന്നു, ചർച്ചകളിൽ അനിശ്ചിതത്വം ഇല്ലെന്ന് പറഞ്ഞ സതീശൻ തിരിച്ച് കേരളത്തിലേക്ക് മടങ്ങി.
വനിത പ്രാതിനിധ്യം കൂട്ടാൻ മാനദണ്ഡങ്ങളിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും സതീശൻ അറിയിച്ചു. പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിൽ അല്ല. മുതിർന്ന നേതാക്കളോട് ഇന്ന് ആശയവിനിമയം നടത്തിയെന്നും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് എല്ലാവരോടും സംസാരിച്ച ശേഷമാണെന്നും സതീശൻ അവകാശപ്പെട്ടു. പട്ടികയിൽ ഉൾപ്പെടാത്തവരെ മറ്റ് തലങ്ങളിൽ പരിഗണിക്കുമെന്നാണ് വാഗ്ദാനം.
ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറക്കുകയെന്നാണ് ഇത് വരെയുള്ള വിവരം. എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയ പേരുകളില്‍ നിന്ന് ചിലരെ മാത്രമേ 51 അംഗ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വി ടി ബല്‍റാം അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന.
ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അഞ്ച് കൊല്ലം ഭാരവാഹിയായിരുന്നുവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാല്‍ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയേക്കും. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് പ്രത്യേക പരിഗണ നല്‍കി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഡിസിസി പട്ടികയില്‍ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമർശനം നടത്തിയ സാഹചര്യത്തില്‍ കരുതലോടെയാണ് കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുന്നത്