കൊച്ചി : ആലുവയിൽ ദേശീയ പാതയിലെ അപകടത്തിൽ മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ദേശീയ പാതയിൽ വഴിനീളെ പുതിയ ക്യാമറകളുണ്ടെന്നും ഇരുട്ടിലും നിയമലംഘനങ്ങൾ പിടിക്കപ്പെടുമെന്നുമായിരുന്നു നേരത്തെയുള്ള അവകാശവാദങ്ങൾ. എന്നാൽ അത്താണിയിൽ ഹാഷിമിനെ ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കിട്ടിയ ചിത്രങ്ങളിൽ വ്യക്തത ഇല്ലെന്നാണ് നെടുമ്പാശേരി പൊലീസ് പറയുന്നത്.
ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലും മരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെ കുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അറ്റക്കുറ്റപ്പണികളുടെ ചുമതലയുള്ള കരാർ കമ്പനിക്കെതിരെ ദേശീയപാതാ അതോറിറ്റി അപകടത്തിന് ഒരുമാസം മുമ്പ് അയച്ച നോട്ടീസ് പുറത്തു വന്നു. മഴക്കാലത്തിന് മുമ്പ് തന്നെ കരാർ കമ്പനി വരുത്തിയ വീഴ്ച വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്. റോഡിനെതിരെ പരാതികൾ കൂടുന്നുവെന്നും അറ്റകുറ്റപണിയടക്കം കരാർ വ്യവസ്ഥ പാലിക്കണമെന്നും അറിയിച്ച് ജൂണ്‍ 23നാണ് ദേശീയപാത അതോറിറ്റി കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ഷർ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് നൽകിയത്.
കുഴിയിൽ വീണ ഹാഷിമിന്‍റെ ദേഹത്തെ പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ് അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹാഷിമിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു.
തൃശൂർ അങ്കമാലി പാതയിൽ ഇന്ന് രാവിലെയും അപകടം നടന്നു. കുഴിയിൽ വീഴാതെ രക്ഷപെടാനുള്ള ബൈക്ക് യാത്രക്കാരന്‍റെ ശ്രമത്തിൽ പിന്നാലെ വന്ന കാറും ചരക്കുലോറിയും കൂട്ടിയിടിച്ചു.