തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം കോണ്‍ഗ്രസ് ഇടപെട്ടതോടെയാണ് അയഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രശ്‌നപരിഹാരത്തിന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തിയാല്‍ പ്രതിപക്ഷം സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സിപിഎമ്മിന് നിലപാടില്ല. പല അഭിപ്രായങ്ങളാണ് സിപിഎം രേഖപ്പെടുത്തിയത്. പാലാ ബിഷപ് ഉന്നയിച്ച വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ അജണ്ടയുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ഐഡികള്‍ നിര്‍മിച്ച് ഭിന്നത വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. മന്ത്രി വി.എന്‍.വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ വിഷയത്തില്‍ പക്ഷം പിടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രവാദ നിലപാടുള്ളവര്‍ കാമ്പസിലെ യുവതികളെ ലക്ഷ്യംവയ്ക്കുന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. സിപിഎം പോലൊരു പാര്‍ട്ടി വെറുതെ പറയുമെന്ന് കരുതുന്നില്ലെന്നും അത്തരം വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ പോലീസിന് കൈമാറാന്‍ തയാറാകണനെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. 10 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഇരുവരും പ്രതികരിക്കാന്‍ തയാറായില്ല.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് കെപിസിസി അധ്യക്ഷ പദവിയിലിരിക്കുന്നയാള്‍ വെള്ളാപ്പള്ളിയെ കാണാന്‍ എത്തുന്നത്. വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സന്ദര്‍ശനത്തിന് തയാറായിരുന്നില്ല. രമേശ് ചെന്നിത്തലയാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍.