തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന, ജില്ലാ നേതൃത്വത്തിന് തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. കേസിലെ പ്രതികള്‍ക്കെല്ലാം പാര്‍ട്ടിയില്‍ വലിയ സ്വാധീനമുണ്ട്.
ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാര്‍ പോലും തട്ടിപ്പ് അറിഞ്ഞ ശേഷം പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇത് തട്ടിപ്പുകാര്‍ക്ക് തണലായെന്നും പാര്‍ട്ടി തട്ടിപ്പിന് ഒത്താശ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണമാണ് തട്ടിപ്പിനെക്കുറിച്ച് നടത്തേണ്ടത്. സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറാന്‍ സര്‍ക്കാര്‍ തയാറാകണം. തട്ടിപ്പ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍, സഹകരണ വകുപ്പ്, പാര്‍ട്ടി തലങ്ങളില്‍ ശ്രമം നടന്നിട്ടുണ്ട്. ഇതും അന്വേഷണ വിധേയമാക്കണം.
മാധ്യമങ്ങളിലൂടെ വിവരങ്ങളെല്ലാം പുറത്തുവന്നതോടെയാണ് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് സര്‍ക്കാരിന് പറയേണ്ടി വന്നതെന്നും ഇതില്‍ ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീപീഡന പരാതി ഒതുക്കാന്‍ ഇടപെട്ട മന്ത്രി എ.കെ.ശശീന്ദ്രനെ സംരക്ഷിക്കുന്ന പിണറായി വിജയന്റെ കപട സ്ത്രീപക്ഷ വാദം പുറത്തായി. കൊവിഡ് മരണനിരക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാറാണ് ആവശ്യമുന്നയിച്ചത്. സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണ് ബാങ്കില്‍ തട്ടിപ്പ് നടന്നിരിക്കുന്നത്.
സര്‍ക്കാര്‍ തട്ടിപ്പിന് ഒത്താശ ചെയ്തുകൊടുക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി വ്യക്തമാക്കി.