കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിനെ പാമ്പുപിടിത്തക്കാരന്‍ സുരേഷ് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൂരജിന് സുരേഷ് പാമ്പിനെ കൈമാറുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. ഉത്രവധക്കേസ് സംഭവിക്കുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ഭാഗം നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതി സൂരജ് കുറ്റക്കാരനാണെന്ന നിഗമനത്തില്‍ കോടതി എത്തിയത് ഈ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ്.
ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നാളെയാണ് പ്രതിക്ക് ശിക്ഷവിധിക്കുക. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകള്‍ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസില്‍ 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്.
പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന രണ്ടു കേസുകള്‍ രാജ്യത്ത് ഇതിനുമുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. ആദ്യമായി ഉത്രകേസിലൂടെ ചരിത്രം തിരുത്തുകയാണ്. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിലൂടെ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യത്തെ ആളാണ് പ്രതിയായ സൂരജ്. അന്വേഷണഉദ്യോഗസ്ഥരും പ്രോസിക്യൂഷനും തമ്മിലുളള ഏകോപനവും കേസിനെ ബലപ്പെടുത്തി. കുറ്റക്കാരനാണെന്ന് കേട്ടപ്പോഴും യാതൊരു ഭാവവ്യത്യസമില്ലാതെ കോടതി നടപടികളെ വീക്ഷിച്ച സൂരജിന് എന്ത് ശിക്ഷ കിട്ടുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 കൊലപാതകം, 307 വധശ്രമം, 328 വിഷമുള്ള വസ്തുവിനെ ഉപയോഗിച്ചുള്ള കൊലപാതകം, 201 തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ അടൂര്‍ പറക്കോട് സ്വദേശിയായ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.