വാഷിങ്ടൺ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 44 ചൈനീസ് യാത്രാ വിമാനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ച് അമേരിക്ക. എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നീ കമ്പനിയുടെ കീഴിലുള്ള വിമാനങ്ങളാണ് താത്ക്കാലികമായി നിർത്തിവെച്ചത്.
നേരത്തെ സർക്യൂട്ട് ബ്രേക്കർ നയം (വിമാനങ്ങളിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്താൽ ആ റൂട്ടിലേക്കുള്ള വിമാനങ്ങൾ നിർത്തുന്ന നയം) ഉപയോഗിച്ച് അമേരിക്കയിൽ നിന്നുള്ള വിമാനങ്ങൾ ചൈന നിർത്തലാക്കിയിരുന്നു. അമേരിക്കയുടെ ഡെൽറ്റ, അമേരിക്കൻ, യുണൈറ്റഡ് എയർലൈനുകളുടെ വിമാനങ്ങളാണ് ചൈന നിർത്തലാക്കിയത്. അമേരിക്കയിൽ നിന്ന് കോവിഡ് നെഗറ്റീവ് ആയ യാത്രക്കാർ ചൈനയിലെത്തുമ്പോൾ പോസിറ്റീവ് ആകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ചൈന വിമാനങ്ങൾ തടഞ്ഞത്. ഇതിനുള്ള മറുപടിയാണ് അമേരിക്ക നൽകിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബെയ്ജിങ്ങിൽ വിന്റർ ഒളിമ്പിക്സ് തുടങ്ങാനിരിക്കെ അമേരിക്കയുടെ നടപടി ചൈനയ്ക്ക് തിരിച്ചടിയാകും. ജനുവരി 30 മുതൽ മാർച്ച് 29 വരേയുള്ള വിമാനങ്ങൾക്കാണ് നിയന്ത്രണം.
കോവിഡ് കേസുകൾ കൂടുന്നതിനാൽ അതിർത്തികളിൽ ചൈന കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സീറോ കോവിഡ് സമീപനമാണെങ്കിലും രാജ്യത്ത് ക്ലസ്റ്ററുകളുടെ എണ്ണം വർദ്ധിക്കുകയാണ്.