വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ ആഞ്ഞടിച്ച് ജോ ബൈഡൻ. പുടിൻ ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യനല്ലെന്ന് ബൈഡൻ പറഞ്ഞു. യുക്രൈയ്ൻ യുദ്ധം റഷ്യയുടെ തന്ത്രപരമായ പരാജയമാണ്. പോളണ്ടിലെ വാർസോയിലെ പ്രസംഗത്തിലാണ് ബൈഡൻ പുടിനെ കടന്നാക്രമിച്ചത്. അതേസമയം റഷ്യയെ ആര് നയിക്കണം എന്ന് തീരുമാനിക്കേണ്ടത് റഷ്യക്കാരാണെന്ന് ക്രെംലിൻ തിരിച്ചടിച്ചു.
ഇതിനുപിന്നാലെ പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നല്ല ഉദ്ദേശിച്ചതെന്നും മറ്റ് രാജ്യങ്ങൾക്ക് മേൽ അധികാരം പ്രയോഗിക്കുന്നതിനെയാണ് ബൈഡൻ വിമർശിച്ചതെന്നും വ്യക്തമാക്കി വൈറ്റ്ഹൗസ് രംഗത്തെത്തി. ഇതിനിടെ, നാറ്റോയോട് കൂടുതൽ ആയുധം ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി രംഗത്തെത്തി.
നാറ്റോയുടെ ഒരു ശതമാനം ആയുധമാണ് സുരക്ഷ മുൻനിർത്തി ആവശ്യപ്പെടുന്നതെന്ന് സെൻലസ്കി പറഞ്ഞു. റഷ്യ പിടിച്ചെടുത്ത ചെർണോബിൽ ആണവ നിലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പ്രദേശത്തെ മേയറെ ഉദ്ധരിച്ച് യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെർണോബിൽ ഉൾപ്പെടുന്ന സ്ലാവുടിക്കിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തിട്ടുണ്ട്. ലിവൈവിലും രൂക്ഷമായ ആക്രമണമാണ് റഷ്യൻ സൈന്യം നടത്തുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തയിരുന്നു. റഷ്യ യുക്രൈനിൽ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമർശം ബൈഡൻ നടത്തുന്നത് ഇതാദ്യമായിരുന്നു. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യൺ ഡോളറിന്‍റെ ആയുധങ്ങൾ അമേരിക്ക എത്തിച്ചു.
എന്നാൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ കൊന്നൊടുക്കിയതിന്‍റെ പാപക്കറയുള്ള അമേരിക്കയുടെ തലവന്‍റെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ക്രെംലിൻ ഇതിനോട് പ്രതികരിച്ചത്. എന്നാൽ റഷ്യൻ ഭരണകൂടത്തിൽ ബൈഡന്‍റെ പ്രസ്താവനയോടുള്ള അമർഷം പുകയുകയാണ്. അംഗീകരിക്കുകയോ പൊറുക്കുകയോ ചെയ്യാനാവില്ല ഈ പ്രസ്താവനയെന്നും ക്രെംലിനിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, റഷ്യ യുക്രൈനിൽ രാസ, ജൈവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ റഷ്യൻ സുരക്ഷാ കൗൺസിൽ ജനറൽ നികോളായ പട്രുഷേവുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവുമായി ഫെബ്രുവരിയിൽ സംസാരിച്ച ശേഷം റഷ്യയും അമേരിക്കയും തമ്മിൽ നടത്തിയ ഏറ്റവും ഉയർന്ന തലത്തിലുള്ള നയതന്ത്രസംഭാഷണമാണിത്. ഇന്നലെ യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭാഷണമെന്നതും ശ്രദ്ധേയമാണ്.
തുടർച്ചയായ ഇരുപത്തിരണ്ടാം ദിവസവും യുക്രൈനിൽ റഷ്യ ആക്രമണം തുടരുകയാണ്. ആയിരക്കണക്കിന് പേർ അഭയം തേടിയ മരിയുപോളിലെ ഒരു തീയറ്ററിന് മുകളിലേക്ക് റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് മരിയുപോൾ ഡെപ്യൂട്ടി മേയർ സെറി ഒർലോവ് ബിബിസിയോട് പറഞ്ഞത്. ആയിരം മുതൽ ആയിരത്തിയിരുന്നൂറ് പേർ വരെ ആ തീയറ്ററിലുണ്ടായിരുന്നു. എത്ര പേർ കൊല്ലപ്പെട്ടുവെന്ന കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും സെറി ഒർലോവ് പറയുന്നു.
ഇതുവരെ യുക്രൈനിൽ 729 പൗരൻമാർ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ച കണക്ക്. എന്നാൽ യഥാർത്ഥ കണക്ക് ഇതിനേക്കാൾ എത്രയോ മുകളിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ പഴയ ആയുധങ്ങളാണ് യുക്രൈന് മേൽ പ്രയോഗിക്കുന്നതെന്നാണ് യുകെ അടക്കമുള്ള രാജ്യങ്ങളുടെ ഇന്‍റലിജൻസ് സംവിധാനങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. എത്രയും പെട്ടെന്ന് യുക്രൈൻ പിടിക്കാമെന്ന പുടിന്‍റെ മോഹം നടന്നില്ല. ആയുധങ്ങൾ കയ്യിലുള്ളത് പലതും തീർന്നതിനാലാകാം പഴയ ആയുധങ്ങൾ റഷ്യൻ സൈന്യം യുക്രൈനിൽ പ്രയോഗിക്കുന്നതെന്നും യുകെ പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഇതിനിടെ, അഞ്ച് ദിവസം മുമ്പ് റഷ്യൻ സേന തട്ടിക്കൊണ്ട് പോയ മെലിറ്റോപോൾ ഗവർണറെ വിട്ടയച്ചതായി റിപ്പോർട്ടുകൾ വരുന്നു. യുക്രൈൻ സൈന്യം തടവിലാക്കിയ റഷ്യൻ പട്ടാളക്കാരെ കൈമാറിയാണ് മേയറെ മോചിപ്പിച്ചത്. കൈമാറിയ റഷ്യൻ പട്ടാളക്കാർ പലരും 2002-ലോ 2003-ലോ ജനിച്ചവരാണെന്നും, ഇപ്പോഴും കുട്ടികളായവരെയാണ് റഷ്യ പട്ടാളത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പ്രസിഡന്‍റ് സെലൻസ്കിയുടെ വാർത്താവിഭാഗം മേധാവി ദരിയ സറിവ്‍നായ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം യുക്രൈനിലെ ചെർണീവിൽ ഭക്ഷണം വാങ്ങാൻ വരിനിന്നവർക്ക് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതിൽ മരണം പതിമൂന്നായി ഉയർന്നു. റഷ്യ പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ് വടക്കൻ നഗരമായ ചെർണീവ്. ഒരു കെട്ടിടത്തിന് മുകളിലേക്ക് റഷ്യൻ ഷെൽ പതിച്ചതിനെത്തുടർന്ന് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. ഇതിന് താഴെ ഭക്ഷണം വാങ്ങാൻ വരി നിന്നവരാണ് കൊല്ലപ്പെട്ടത്. അമ്പതോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും ചെർണീവ് പൊലീസ് മേധാവ് വ്ലാദിമിർ നിദ്‍സെൽസ്കി വ്യക്തമാക്കുന്നു.