തിരിച്ചടി: ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് നേതാവിനെ വധിച്ചെന്ന് അമേരിക്ക
വാഷിങ്ടൺ:കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോൺ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗർഹർ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്.
അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂൾ ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കാളിയായ ഐഎസ് നേതാവായിരുന്നു.
പ്രാഥമിക സൂചനകൾ പ്രകാരം തങ്ങൾ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചതായും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
13 യുഎസ് സൈനികർ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേർ ആക്രമണം നടന്ന് 48 മണിക്കൂർ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി.ഡ്രോൺ ആക്രമണം നടത്തിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്.
വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും,ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ, താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
അഫ്‍ഗാന്‍ രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക. ഇതുവരെ 1,11,000 പേരെ അഫ്‍ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്കുകള്‍. 5400 ഓളം അമേരിക്കന്‍ പൌരന്മാരെയാണ് ഇനി ഒഴിപ്പിക്കാനുള്ളത്. അതേസമയം കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കൻ സൈനികരുമുണ്ട്.
പത്ത് വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണിത്. സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കും. ഇത് അമേരിക്ക മറക്കില്ലെന്നാണ്.