27.8 C
Kottayam
Tuesday, May 28, 2024

വിറപ്പിച്ച് കൊറിയയും, സമനിലക്കുരുക്കിൽ ഉറുഗ്വെയ്

Must read

അല്‍ റയാന്‍: വേഗത കൊണ്ട് ഏഷ്യയുടെ കരുത്തറിയിച്ച് ദക്ഷിണ കൊറിയയും. പരിചയസമ്പത്തും താരപ്പകിട്ടും കൊണ്ട് തിരിച്ചടിച്ച് യുറഗ്വായ്. പക്ഷേ തൊണ്ണൂറ് മിനിറ്റും കയറിയിറങ്ങിക്കളിച്ചിട്ടും ഇരുകൂട്ടര്‍ക്കും വല മാത്രം കുലുക്കാനായില്ല.

ഗോള്‍രഹിതസമനിലയിലും വീറിനും വാശിക്കും ഒട്ടുമുണ്ടായില്ല കുറവ്. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ അതിവേഗ നീക്കങ്ങളില്‍ പന്തില്‍ ആധിപത്യവും തുടക്കം മുതല്‍ കൊറിയക്കായിരുന്നു. അവരുടെ മിന്നല്‍വേഗത്തിനൊപ്പം പിടിക്കാന്‍ പ്രായം തളര്‍ത്തിയ ലൂയിസ് സുവാരസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല.

സബ്സ്റ്റിറ്റിയൂഷനുകളിലൂടെ ചെറുപ്പവും വേഗവും തിരിച്ചുപിടിച്ച് കിട്ടിയ അവസരങ്ങള്‍ പുറത്തേയ്ക്കോ ബാറിലേയ്ക്കോ അടിച്ച് കളയുയകയാണുണ്ടായത് പ്രഥമ ചാമ്പ്യന്മാര്‍. വീണുകിട്ടിയ അവസരങ്ങള്‍ വെടിമരുന്ന് നിറച്ച് പുറത്തേയ്ക്കടിച്ചു പാഴാക്കുന്നതില്‍ കൊറിയക്കാരും ഒട്ടും പിറകിലായിരുന്നില്ല. ഇരുകൂട്ടര്‍ക്കും ക്ഷിപ്രവേഗത്തിലുള്ള നീക്കങ്ങള്‍ തന്നെയായിരുന്നു ആശ്രയം. ഈ അമിതവേഗം തന്നെയായിരുന്നു കരുത്തുനിറച്ച ഷോട്ടുകള്‍ ഗതിമാറി പറക്കാനുള്ള കാരണവും.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ യുറുഗ്വായിയെ ഞെട്ടിച്ചുകൊണ്ട് ദക്ഷിണ കൊറിയയാണ് ആധിപത്യം പുലര്‍ത്തിയത്. സണ്‍ ഹ്യുങ് മിന്നിന്റെ നേതൃത്വത്തിലുള്ള കൊറിയന്‍ മുന്നേറ്റനിര നിരന്തരം യുറുഗ്വായ് പ്രതിരോധത്തിന്റെ ബലം പരിശോധിച്ചു. ആദ്യ പത്തുമിനിറ്റില്‍ യുറുഗ്വായ് ചിത്രത്തില്‍പ്പോലുമില്ലായിരുന്നു. എന്നാല്‍ പതിയെ ടീം മത്സരത്തിലേക്ക് തിരിച്ചുവന്നു.

21-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മുതലാക്കാന്‍ യുറുഗ്വായ് സൂപ്പര്‍താരം ഡാര്‍വിന്‍ ന്യൂനസിന് സാധിച്ചില്ല. പെല്ലിസ്ട്രിയുടെ അളന്നുമുറിച്ച ക്രോസ് കൃത്യമായി കാലിലൊതുക്കി വലകുലുക്കുന്നതില്‍ ന്യൂനസ് പരാജയപ്പെട്ടു. 33-ാം മിനിറ്റില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് ഗോളാക്കി മാറ്റാന്‍ ദക്ഷിണകൊറിയയുടെ ഹവാങ്ങിന് സാധിച്ചില്ല. പിന്നാലെ 39-ാം മിനിറ്റില്‍ ഹവാങ്ങിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ യുറുഗ്വായ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

കൊറിയ ആക്രമിച്ച് കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോളടിക്കാനാണ് യുറുഗ്വായ് ശ്രമിച്ചത്. 43-ാം മിനിറ്റില്‍ യുറുഗ്വായ് പ്രതിരോധതാരം ഗോഡിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ കൊറിയന്‍ പോസ്റ്റിലിടിച്ച് തെറിച്ചു. വൈകാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊറിയ ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് അഴിച്ചുവിട്ടത്. പക്ഷേ ശക്തമായ യുറുഗ്വായ് പ്രതിരോധം അതെല്ലാം വിഫലമാക്കി. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞപ്പോള്‍ മത്സരം ആവേശത്തിലേക്കുയര്‍ന്നു. 64-ാം മിനിറ്റില്‍ ലൂയി സുവാരസിന് പകരം സൂപ്പര്‍താരം എഡിന്‍സണ്‍ കവാനി ഗ്രൗണ്ടിലെത്തി.

81-ാം മിനിറ്റില്‍ കവാനി തുടങ്ങിവെച്ച മുന്നേറ്റം ഗോളില്‍ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും ഫലം കണ്ടില്ല. കവാനി ന്യൂനസ്സിന് പന്ത് കൈമാറിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ യുറുഗ്വായ് ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായി. കവാനിയുടെ വരവ് ടീമിന്റെ ആക്രമണങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

90-ാം മിനിറ്റില്‍ വാല്‍വെര്‍ദെയുടെ വെടിയുണ്ട കണക്കെയുള്ള തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ കൊറിയന്‍ പോസ്റ്റിലിടിച്ച് തെറിച്ചു. തൊട്ടുപിന്നാലെ കൊറിയയുടെ പ്രത്യാക്രമണം. സണ്‍ ഹ്യുങ് മിന്നിന്റെ ലോങ് റേഞ്ചര്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.

അടിയ്ക്ക് തിരിച്ചടി! പിന്നാലെ ഇരുടീമുകളും ആഞ്ഞുശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മികച്ച നീക്കങ്ങളുണ്ടായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് കൊറിയയ്ക്ക് വിലങ്ങുതടിയായത്. കൃത്യമായ പ്ലാനിങ്ങിന്റെ കുറവ് ടീമിന്റെ മുന്നേറ്റങ്ങളില്‍ പ്രകടമായി. എന്നാലും രണ്ട് തവണ ലോകചാമ്പ്യന്മാരായ പേരുകേട്ട യുറുഗ്വായിയെ വിറപ്പിച്ചാണ് കൊറിയ സമനിലയില്‍ പിടച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week