കോട്ടയം കിടങ്ങൂരിനടുത്ത് ചേർപ്പുങ്കലിൽ പാടം പൂട്ടാനെത്തിയ ട്രാക്ടറിന്റെ ടാങ്കിൽ ഉപ്പുകല്ലിട്ട് കേട് വരുത്താൻ ശ്രമം. വാഹനം നശിപ്പിക്കാൻ ശ്രമിച്ചവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. ചേർപ്പുങ്കൽ നഴ്സിംഗ് കോളജിന് സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ട്രാക്ടറിന്റെ ടാങ്കിലാണ് ഉപ്പുകല്ലിട്ടത്.
പാടശേഖര സമിതി പ്രസിഡന്റ് വാലേപ്പീടികയിൽ മാത്തുക്കുട്ടി തോമസിന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കുന്നത്. തിങ്കളാഴ്ച ഉഴവിനുശേഷം പാടത്തിനു സമീപം പാർക്കു ചെയ്തിരിക്കുകയായിരുന്നു ട്രാക്ടർ. ഇന്നലെ രാവിലെയെത്തിയ ഡൈവറാണ് വാഹനത്തിന്റെ ചുറ്റുപാടും ഉപ്പുകല്ലുകൾ കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ടാങ്കിലും ഉപ്പുകല്ലിട്ടതായി വ്യക്തമാകുകയായിരുന്നു.
ട്രാക്ടർ നശിപ്പിക്കാൻ ശ്രമിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ കിടങ്ങൂർ പോലീസിൽ പരാതി നൽകി. മെക്കാനിക്കുകൾ എത്തി ടാങ്ക് ശുചീകരിച്ച് വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.
പാലക്കാട് പല്ലാവൂരിൽ പ്രദേശവാസി പൊതുവഴി കെട്ടിയടച്ചതോടെ ഹെക്ടർ കണക്കിന് പാടത്ത് കൊയ്ത നെല്ല് പുറത്തേക്ക് കൊണ്ടു പോകാനാകാതെ മഴയിൽ നശിക്കുന്ന അവസ്ഥ നേരിട്ടിരുന്നു. വഴി തുറന്നു കൊടുക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടും നടപ്പാക്കാൻ പൊലീസും സഹായിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
85 ഹെക്ടർ പാടശേഖരത്തിലേക്കുള്ള ഒരേയൊരു വഴി പ്രദേശവാസിയായ മോഹന്‍ദാസ് കെട്ടിയടച്ചതോടെ 24 കുടുംബങ്ങളാണ് പെരുവഴിയിലായത്. ഹൈക്കോടതിയിൽ നിന്ന് നാട്ടുകാർക്ക് അനുകൂലമായ വിധി വന്നിട്ടും വഴി അടഞ്ഞു തന്നെ കിടക്കുകയാണ്.
എന്നാല്‍ വഴി തുറന്നു കൊടുക്കാൻ മോഹൻദാസിന് നിർദേശം നൽകിയതായി കൊല്ലങ്കോട് പൊലീസ് വിശദമാക്കി. വഴി തുറക്കാൻ ഇനിയും വൈകിയാൽ നെല്ല് തോട്ടിൽ കളയേണ്ടി വരുമെന്ന അവസ്ഥയിലാണ് കർഷകരുള്ളത്.