തൃശ്ശൂര്‍: പെരിഞ്ഞനം കടലില്‍ സംശയകരമായ രീതിയില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടതായി വിവരം. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കയ്പമംഗലം പോലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടത്.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളിലായിട്ടായിരുന്നു ഈ ബോട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കയ്പമംഗലം പോലീസും അഴീക്കോട് കോസ്റ്റല്‍ പോലീസും തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടത്തെനായില്ല. ഫിഷറീസ് വകുപ്പിന്റെ ബോട്ട് തെരച്ചില്‍ നടത്തുന്നത് കണ്ട് ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്നാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരം.
രാത്രി പത്തര വരെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ബോട്ടിന് അജ്ഞാത ബോട്ടുകളുടെ അടുത്തെത്താനായില്ല. മൂന്ന് ബോട്ടില്‍ ഒരെണ്ണം ലൈറ്റ് ഓഫ് ചെയ്യുകയും പിന്നെ കാണാതാവുകയും ചെയ്തെന്ന് കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തീവ്രവാദികള്‍ എത്തിയേക്കുമെന്ന ഭീഷണി നില നില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശമുണ്ട്.