കോട്ടയം: സര്‍വകലാശാല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞ് തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ലഘൂകരിക്കാന്‍ അനുവദിക്കില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. സ്വയംഭരണത്തില്‍ വെള്ളം ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുതെന്നും റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രീയായി സര്‍വകലാശാലകളെ കയ്യടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സ്റ്റാഫിന്റെ ബന്ധുവിനെ നിയമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകള്‍ അയച്ചെന്നും അതിലെല്ലാം തന്നെ സര്‍ക്കാരിനും ചില ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളൂവെന്നാണ് ഞാന്‍ പറയുന്നത്- ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യ സര്‍ക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ അത് നിയമമാകണമെങ്കില്‍ താന്‍ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും സര്‍വകലാശാലകളിലെ രാഷ്ട്രീയ കൈയടക്കല്‍ അനുവദിക്കില്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞുവയ്ക്കുന്നത്.