KeralaNews

നെഹ്റു ട്രോഫിയെന്ന് പേരിടാൻ നെഹ്റു വള്ളം കളിക്കാരനോ? ഗോള്‍വാള്‍ക്കർ പേരിടൽ വിവാദത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നതിനിടെ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗോള്‍വാള്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ മുരളീധരന്‍ നെഹ്‌റു കായികതാരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് കഴിഞ്ഞ ദിവസമാണ് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. ‘ഈ ഗവേഷണ കേന്ദ്രത്തിന് ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍, വൈറല്‍ ഇന്‍ഫെക്ഷന്‍” എന്ന് പേരിടുന്നതില്‍ സന്തോഷമുണ്ട്’, ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ രംഗത്തെത്തി. ശാസ്ത്രസ്ഥാപനത്തിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ പേരിടുന്നതിലെ യുക്തിയെന്താണെന്ന് പലരും ചോദ്യമുന്നയിച്ചു. കേരളത്തിലെ ആദ്യ വാക്‌സിന്‍ വിദഗ്ധനായ ഡോ.പല്‍പ്പുവിന്റെ പേരാണ് ഇടേണ്ടതെന്ന് ശശി തരൂര്‍, മുല്ലക്കര രത്‌നാകരന്‍, എം.എ ബേബി തുടങ്ങി നിരവധി പേര്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്രയധികം വെറുപ്പ് പ്രചരിപ്പിച്ച മറ്റൊരു വ്യക്തിയുണ്ടാകാന്‍ വഴിയില്ലെന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കേരള സര്‍ക്കാരും രംഗത്തെത്തി. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹര്‍ഷവര്‍ധന് കത്തെഴുതി.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്.

പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടെങ്കില്‍ തിരുത്തണമെന്നും തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ പേര് മാറ്റത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button