ന്യൂഡല്‍ഹി: ‘ഭാഭിജി പപ്പടം’ കഴിച്ച് കൊവിഡിനെ പ്രതിരോധിക്കാമെന്ന് ആഹ്വാനം ചെയ്ത കേന്ദ്ര മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം മേഘ്വാളിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മന്ത്രിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെറിയ രോഗലക്ഷണം കണ്ടപ്പോള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. അന്ന് റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്നും എയിംസില്‍ ചികിത്സയിലാണെന്നും അര്‍ജുന്‍ റാം മേഘ്വാള്‍ ട്വീറ്റ് ചെയ്തു. സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ആരോഗ്യം സൂക്ഷിക്കണമെന്നും മന്ത്രി ട്വീറ്റില്‍ കുറിച്ചു.
നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ‘ഭാഭിജി പപ്പടം’ സഹായിക്കുമെന്ന അര്‍ജുന്‍ റാം മേഘ്വാളിന്റെ വിചിത്ര വാദം വിവാദമായിരുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ ‘ഭാഭിജി പപ്പടം’ കഴിച്ചാല്‍ മതിയെന്ന വാദമാണ് അര്‍ജുന്‍ റാം മുന്നോട്ട് വച്ചത്.