ന്യൂഡൽഹി:കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്ര സർക്കാർ കത്തിലൂടെ നിർദ്ദേശിച്ചിരിക്കുന്നത്.
കേരളത്തിലെ കൊവിഡ് സാഹചര്യം പഠിക്കാനെത്തുന്നു കേന്ദ്ര സംഘം നാളെ രണ്ട് ജില്ലകളിൽ സന്ദർശനം നടത്തും. നാളെ കോട്ടയത്തും മറ്റന്നാൾ ആലപ്പുഴയിലുമായിരിക്കും കേന്ദ്ര സംഘമെത്തുക. സന്ദർശന ശേഷം തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തും.
കൊവിഡ് വാക്സീൻ വിതരണത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് രോഗ വ്യാപന നിരക്ക് ഉയർന്ന് നിൽക്കുന്ന സംസ്ഥാനങ്ങളോട് നടപടികൾ സ്വീകരിക്കാനാവശ്യപ്പെട്ടുള്ള കേന്ദ്ര നിർദ്ദേശം. കൊവിഡ് വാക്സീൻ രാജ്യത്തെ നാല്പതിലധികം സംഭരണശാലകളിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. വ്യോമസേന വിമാനങ്ങളും വാക്സീൻ വിതരണത്തിന് ഉപയോഗിക്കും. വിതരണത്തിന് സജ്ജമാകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നാളെ 700ലധികം ജില്ലകളിൽ ഡ്രൈറൺ നടക്കും.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍.
ഒരു തടസ്സവുമില്ലാതെ രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും വാക്സിൻ എത്തിക്കാനാണ് ശ്രമമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ പറഞ്ഞു. ലഡാക്ക് നാഗാലാൻഡ് തുടങ്ങിയ ഇടങ്ങളിലും സംഭരണശാലകൾ അടുത്തയാഴ്ച തയ്യാറാകും. നാളെ നടക്കുന്ന ഡ്രൈ റണ്ണിൽ കൊവിൻ ആപ്പ് ഉൾപ്പടെയുള്ള സൗകര്യങ്ങളുടെ ക്ഷമത പരിശോധിക്കും.