കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധത്തില്‍ എല്ലാവരും ഒന്നിക്കണമെന്ന് സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ റിപ്പോര്‍ട്ടറിനോട്. സിപിഐഎം ഏത് നിലക്കാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത് എന്നറിയില്ല.
എന്നാല്‍ രാജ്യത്തിന്റെ പൊതുവിഷയമായതിനാല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും മാറ്റി നിര്‍ത്താന്‍ പാടില്ലെന്നും കാന്തപുരം പ്രതികരിച്ചു. ഏകസിവില്‍ കോഡില്‍ ആശങ്കകള്‍ അറിയിച്ച് കാന്തപുരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
ഏകസിവില്‍ കോഡ് മുസ്ലീം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്മല്ല. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. സൗഹാര്‍ദവും ചിന്തയും ഇല്ലാതാവുകയും ഇന്ത്യയുടെ അഖണ്ഡത തന്നെ കാത്തുസൂക്ഷിക്കപ്പെടാത്ത തരത്തില്‍ ജനങ്ങള്‍ തമ്മില്‍ പിളര്‍പ്പിലേക്കും അഭിപ്രായഭിന്നതയിലേക്കും പോകും.
ഇന്ത്യാ രാജ്യം ഒരുപാട് പുരോഗമിച്ചു. സൈന്യത്തിന്റെ കാര്യം എടുത്താല്‍ ഇന്ത്യയുടെ സൈന്യത്തെ നേരിടാന്‍ ഒരു സൈന്യത്തിനും ധൈര്യമില്ല. മറ്റ് പല വിഷയത്തിലും ഇന്ത്യ അഭിവൃദ്ധി നേടിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഏക സിവില്‍ കോഡ് വന്നത് കൊണ്ടല്ലല്ലോ. ഏകസിവില്‍ കോഡ് ഇല്ലെങ്കിലും ഇന്ത്യാ രാജ്യത്തെ പുരോഗതിയിലേക്ക് വരും.
ഏക സിവില്‍ കോഡ് ആരുടെ സിവില്‍ കോഡാണെന്ന് പറഞ്ഞിട്ടില്ല. ഹിന്ദുവിന്റെയാണോ, ഈഴവന്റെയാണോ നായര്‍ സമുദായത്തിന്റെ ആണോ, ഓരോരുത്തര്‍ക്കും ഓരോരോ വ്യത്യാസങ്ങളാണല്ലോ ഇവിടെ ഉള്ളത്. സര്‍ക്കാര്‍ അതൊന്നും വ്യക്തമാക്കിയിട്ടില്ല. മുസ്ലീം സമുദായം ന്യൂനപക്ഷമാണ്. ഏക സിവില്‍ കോഡിന്റെ ആവശ്യമില്ലെന്നും കാന്തപുരം പറഞ്ഞു.
പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷന്‍ എന്നിവര്‍ക്കും കാന്തപുരം കത്ത് നല്‍കിയിരുന്നു. ഏക സിവില്‍ കോഡ് ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും വഴിവെക്കുമനെന്ന് കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.