FeaturedHome-bannerInternationalNews

ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ, പ്രമേയം പാസാക്കി

ന്യൂയോർക്ക് : ഇസ്രായേൽ – ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പ്രമേയം അപകീർത്തികരമെന്ന് ഇസ്രയേൽ പ്രതികരിച്ചു. 

ഗാസയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേൽ. അതിർത്തിയോട് ചേർന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഗാസയിലെ അൽ ഷിഫ, ഇന്തോനേഷ്യ ആശുപത്രികൾക്ക് സമീപവും ബ്രീജിലെ അഭയാർത്ഥി ക്യാമ്പിന് സമീപവും ഇസ്രയേൽ സൈന്യം ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുകളുണ്ട്.

കരമാർഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതൽ തുടങ്ങുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഗാസയിൽ ടാങ്കുകൾ ഉൾപ്പെടെ വിന്യസിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ വാർത്താവിനിമയ ബന്ധം പൂർണമായും തകർന്നു. മൊബൈൽ, ഇൻ്റർനെറ്റ് സംവിധാനം പൂർണമായി തകർന്നു എന്ന് മൊബൈൽ സർവീസ് കമ്പനി സ്ഥിരീകരിച്ചു. ഇന്റർനെറ്റ് ബന്ധം ഇസ്രയേൽ വിച്ഛേദിച്ചതായി ഹമാസും ആരോപിച്ചു. വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ഉൾപ്പെടെ ആശുപത്രിയിൽ എത്തിക്കാൻ ആകാത്ത സാഹചര്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button