FeaturedNews

യുക്രൈന്‍ തിരിച്ചടി തുടങ്ങി; അഞ്ചു റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു

മോസ്‌കോ: റഷ്യയുടെ ആക്രമണത്തില്‍ ആദ്യം പകച്ചെങ്കിലും പിന്നീട് തിരിച്ചടിച്ച് യുക്രൈന്‍ സൈന്യം. കിഴക്കന്‍ യുക്രൈനില്‍ അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം ആവകാശപ്പെട്ടു. ഒരു റഷ്യന്‍ ഹെലികോപ്റ്ററും തകര്‍ത്തതായി വാര്‍ത്തകളുണ്ട്. വിമാനങ്ങളിലുണ്ടായിരുന്ന റഷ്യന്‍ സൈനികരെ യുക്രെയ്ന്‍ പിടിച്ചുവച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

റഷ്യക്കെതിരേ തിരിച്ചടിക്കാന്‍ സൈന്യം നടപടി തുടങ്ങിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു. രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിക്കാന്‍ യുക്രൈന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനമാകുകയും ചെയ്തു.

യുക്രൈനില്‍ അതിക്രമിച്ച കയറി ആക്രമണം നടത്തുന്ന റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യുക്രെയ്ന്‍ ജനതയ്ക്ക് മേലുള്ള റഷ്യയുടെ കടന്നുകയറ്റം ക്ഷമിക്കാനാകാത്ത ക്രൂരതയാണെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. അതേസമയം യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കി. കീവ്, ക്രമറ്റോസ്‌ക്, ഖര്‍ഖിവ് എന്നിവിടങ്ങളില്‍ കടന്നുകയറി ആക്രമിച്ചു. കര, വ്യോമ, നാവിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം. ജനങ്ങളെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ യുക്രെയ്ന്റെ മൂന്ന് അതിര്‍ത്തികള്‍ വഴിയാണ് റഷ്യ കടന്നാക്രമണം നടത്തിയത്. ബലാറസ്, ഒഡേസ, ഡോണ്‍ബാസ വഴിയായിരുന്നു റഷ്യയുടെ കടന്നുകയറ്റം. കരിങ്കടല്‍ വഴിയും സൈനിക നീക്കം നടന്നു. വളഞ്ഞുള്ള ആക്രമണത്തില്‍ യുക്രെയിന്‍ പകച്ചുനില്‍ക്കുകയാണ്.

റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രൈനില്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക് അതിര്‍ത്തി കടന്ന് ഇറാനിലേക്ക് കടന്നതോടെയാണ് യുക്രെയ്ന്‍ നോ ഫ്ളൈ സോണ്‍ ആയി പ്രഖ്യാപിച്ചത്.

ഇതോടെ ഇറാനു മുകളില്‍ നിന്നും വിമാനം തിരികെ ഡല്‍ഹിയിലേക്ക് പറന്നു. എയര്‍ ഇന്ത്യയുടെ എ11947 വിമാനം ആണ് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാന്‍ പറന്നുയര്‍ന്നിട്ട് തിരികെ മടങ്ങിയത്. യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ ഇന്ത്യ ഈ ആഴ്ച അയച്ച രണ്ടാമത്തെ വിമാനം ആയിരുന്നു ഇത്.

റഷ്യയില്‍ നിന്നു യുദ്ധഭീതി ഉയര്‍ന്നപ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്ക് യുക്രയ്‌നില്‍ നിന്ന് മടങ്ങാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരോട് മടങ്ങണമെന്ന് തിങ്കളാഴ്ച വീണ്ടും ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങള്‍ വരെ സര്‍വകലാശാലകളുമായി കൂടിയാലോചിക്കുന്നുണ്ടെന്നും എംബസി അധികൃതര്‍ അറിയിച്ചിരുന്നു.

സൈനിക കേന്ദ്രങ്ങള്‍ മാത്രമേ ലക്ഷ്യം വെക്കൂ എന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയ്‌നിലെ ജനങ്ങളെയോ വിദേശികളെയോ ആക്രമിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുക്രെയ്‌നില്‍ നിന്ന് 182 ഇന്ത്യക്കാരുമായി യുക്രേയ്‌നിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ ലൈന്റെ പ്രത്യേക വിമാനം ഇന്നു ഡല്‍ഹിയില്‍ എത്തി. ഇതില്‍ ഏറെപ്പേരും വിദ്യാര്‍ഥികളാണ്. ഇന്നു രാവിലെ 7.45നാണ് പ്രത്യേക വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button