തിരുവനന്തപുരം: ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ച് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺകുമാറിനെതിരെ യുജിസിക്ക് ലഭിച്ച പരാതിയിൽ പരിശോധനയ്ക്ക് നിർദ്ദേശം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്.
ഈ പരാതിയിൽ പരിശോധന നടത്തി വിവരം അറിയിക്കാൻ യുജിസി ജോയിന്‍റ് സെക്രട്ടറി ഡോ. മഞ്ജു സിങ്ങ് ജെ എസിനാണ് യുജിസി ചെയർമാൻ നിർദ്ദേശം നൽകിയത്. അതേസമയം, കലോത്സവ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. കലോത്സവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവൻ പറഞ്ഞു.
എന്നാൽ, തന്‍റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയായിരുന്നു പഴയിടത്തിന്റെ വാക്കുകളിൽ. ബ്രാഹ്മണിക്കൽ ഹെജിമണിയൊക്കെ ആരോപിച്ച് കലോത്സവ വേദിയിലെ പഴയിടത്തിന്റെ സസ്യാഹാര പാചകം നവമാധ്യമങ്ങളില്‍ വിമര്‍ശനം നേരിടുമ്പോള്‍ പാർട്ടി പഴയിടത്തിനൊപ്പം തന്നെയെന്ന സന്ദേശവുമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയുമായ വി എൻ വാസവൻ ഇന്നലെ കുറിച്ചിത്താനത്തെ പഴയിടം മോഹനൻ നമ്പൂതിരിയുടെ വീട്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി സിപിഎം നടത്തുന്ന ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പണമെന്നാവശ്യപ്പെട്ടുണ്ടായയ വിവാദങ്ങളിലേക്ക് മന്ത്രി നേരിട്ട് കടന്നില്ലെങ്കിലും എല്ലാ പ്രതിസന്ധിയിലും സർക്കാരും പാർട്ടിയും പഴയിടത്തിനൊപ്പം ഉണ്ടാകുമെന്ന് വാസവൻ ഉറപ്പുനൽകി. നന്മ നിറഞ്ഞ മനസുള്ള തിരുമേനി എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഎം നേതാവ് പഴയിടത്തെ വിശേഷിപ്പിച്ചത്. അതേസമയം, സർക്കാർ പ്രതിനിധിയായല്ല, സ്വന്തം സഹോദരൻ എന്ന നിലയിലാണ് വാസവനെ കാണുന്നതെന്നു പറഞ്ഞ പഴയിടം കലോത്സവ പാചകത്തിലേക്ക് തിരിച്ചെത്തുന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകാതെയാണ് മന്ത്രിയെ യാത്രയാക്കിയത്.