യു.ഡി.എഫ് ക്യാമ്പില്‍ മൂകത; യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാങ്ങിവെച്ച ലഡുവും പടക്കങ്ങളും പാതി വിലയ്ക്ക് എടുക്കാമെന്ന് മാണി സി കാപ്പന്‍
പാലാ: പാലായില്‍ ജോസ് ടോം പിന്നിലായതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിശബ്ദത. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ തന്നെ സംഘടിച്ചിരുന്നെങ്കിലും ആദ്യ ഫലസൂചനകള്‍ പ്രതികൂലമായതോടെ ആളെണ്ണം കുറഞ്ഞു തുടങ്ങി. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വിജയം ആഘോഷിക്കുന്നതിനായി പ്രവര്‍ത്തകര്‍ പടക്കവും ലഡുവും ശേഖരിച്ചിരുന്നെങ്കിലും, ആദ്യം വോട്ടെണ്ണിയ അഞ്ചു പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് നേടിയതോടെ പിന്‍വാങ്ങുകയായിരുന്നു.
യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട് മണ്ഡലങ്ങളിലായിരുന്നു കാപ്പന്റെ മുന്നേറ്റം. ഇതിനിടെ യുഡിഎഫ് പ്രവര്‍ത്തകരെ പരിഹസിച്ച് മാണി സി. കാപ്പനും രംഗത്തെത്തി. ലഡുവും പടക്കവുമൊന്നും തങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും വോട്ട് എണ്ണിത്തീര്‍ന്നുകഴിഞ്ഞാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാങ്ങി ശേഖരിച്ച പടക്കങ്ങളും മധുരവും തങ്ങള്‍ പകുതി വിലയ്ക്കു വാങ്ങിയേക്കാമെന്നായിരുന്നു കാപ്പന്റെ പ്രതികരണം. ഇതൊന്നും വാങ്ങാന്‍ കിട്ടാത്ത സാധനങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.