മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് നേട്ടം. വിജയം അവകാശപ്പെട്ട് മഹാ വികാസ് അഘാഡി സഖ്യ നേതാക്കൾ രംഗത്തെത്തി. ഏറ്റവും ഒടുവിലായി ലഭിക്കുന്ന കണക്ക് പ്രകാരം 1165 പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 971 പഞ്ചായത്തുകളുടെ ഫലമാണ് വ്യക്തമായിട്ടുള്ളത്. മുന്നണി കണക്കിൽ നോക്കിയാൽ ബി ജെ പി – ഷിൻഡെ സഖ്യത്തെക്കാൾ നൂറിലേറെ സീറ്റുകൾ മഹാ വികാസ് അഘാഡി സ്വന്തമാക്കിയെന്നാണ് വ്യക്തമാകുന്നത്. മഹാ വികാസ് അഘാഡി സഖ്യം 464 സീറ്റുകളിൽ വിജയം നേടിയപ്പോൾ എൻ ഡി എ സഖ്യത്തിന് 357 ഇടത്താണ് വിജയിക്കാനായതെന്നാണ് കണക്കുകൾ പറയുന്നത്.
മഹാ വികാസ് അഘാഡി സഖ്യത്തിൽ എൻ സി പിക്കാണ് ഏറ്റവും വലിയ നേട്ടം. എൻ സി പി സ്ഥാനാർഥികൾ 157 ഇടത്ത് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഉദ്ദവ് താക്കറെയുടെ ശിവസേന 155 സീറ്റിലും കോൺഗ്രസ് 152 സീറ്റിലും വിജയിച്ച് കരുത്തുകാട്ടി. എന്നാൽ ഏറ്റവു കൂടുതൽ സീറ്റ് നേടിയത് ബി ജെ പിയാണ്. 244 ഇടത്ത് ബി ജെ പി സ്ഥാനാർഥികൾ വിജയിച്ചെന്നാണ് കണക്കുകൾ പറയുന്നത്. ശിവസേനയെ പിളർത്തി ബി ജെ പിക്കൊപ്പം എൻ ഡി എ സർക്കാർ ഉണ്ടാക്കിയ ഏക്നാഥ് ഷിൻഡേ വിഭാഗത്തിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേന വിഭാഗത്തിന് 113 ഇടത്ത് മാത്രമേ വിജയം കാണാനായുള്ളു.
തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയ മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ എൻ ഡി എ മുന്നണിയെ കണക്കറ്റ് പരിഹസിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയെ ലക്ഷ്യം വയ്ക്കുന്നതായിരുന്നു ഉദ്ദവിന്‍റെ പരിഹാസം. ‘എന്‍റെ പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ചർ ഇപ്പോൾ ഓടിപ്പോകുന്നതാണ് കാണുന്നതെന്നാണ് ഉദ്ദവ് താക്കറെ പ്രതികരിച്ചത്. ജനങ്ങളാണ് യഥാർത്ഥ തീരുമാനം എടുക്കുന്നതെന്ന് ഓർക്കണമെന്നും പാർട്ടിയും ചിഹ്നവും അധികം വൈകാതെ തങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇക്കുറി സി പി എമ്മും തിളക്കമാർന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. നൂറോളം പഞ്ചായത്തുകളിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞെന്ന് മഹാരാഷ്ട്രാ സി പി എം സംസ്ഥാന കമ്മറ്റി അവകാശപ്പെട്ടു. നാസിക്, പാൽഖർ, താനെ, അഹമ്മദ് നഗർ എന്നീ ജില്ലകളിൽ നിന്നായി 91 പഞ്ചായത്ത് പ്രസിഡന്‍റുമാരെ വിജയിപ്പിക്കാൻ കഴിഞ്ഞെന്നാണ് സി പി എം അവകാശപ്പെട്ടത്.
ഇക്കുറി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നേരിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഷിൻഡെ – ബി ജെ പി സർക്കാരാണ് വാർഡ് മെമ്പർമാരിൽ നിന്ന് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന രീതി മാറ്റി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നേരിട്ടുള്ള മത്സരമാക്കിയത്. പാർട്ടി ചിഹ്നത്തിലല്ല തെരഞ്ഞെടുപ്പ് എന്നതിനാൽ കൃത്യമായ വിവരങ്ങൾ പാർട്ടികൾ ശേഖരിച്ച് വരികയാണ്. സംസ്ഥാനത്താകെയുള്ള ഇരുപത്തി അയ്യായിരത്തിലേറെ പഞ്ചായത്തുകളിൽ 1165 പഞ്ചായത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.