കാറില്‍ നിന്നിറങ്ങിയില്ലെങ്കില്‍ വസ്ത്രം വലിച്ചു കീറും; ഊബര്‍ ഡ്രൈവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
ബംഗളുരു: ഊബര്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവതി രംഗത്ത്. ബംഗളുരുവിലാണ് സംഭവം. കാറില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുമെന്ന് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയെന്നു യുവതി പരാതിയില്‍ പറയുന്നു. കാറിനുള്ളിലെ സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ഡ്രൈവറെ വിളിച്ചാണ് ഊബര്‍ കാര്യം തിരക്കിയതെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഊബര്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍, കാറില്‍ നിന്നിറങ്ങാനും മറ്റൊരു ടാക്സി ഉടന്‍ ബുക്ക് ചെയ്ത് നല്‍കാമെന്നും ഊബര്‍ ഉറപ്പുനല്‍കി. ഊബറിനെ വിശ്വസിച്ച് രാത്രി റോഡിലിറങ്ങി നിന്ന തനിക്ക് മറ്റ് ടാക്സിയൊന്നും അധികൃതര്‍ ബുക്ക് ചെയ്ത് തന്നില്ലെന്നും യുവതി പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവതി ദുരനുഭവം വിവരിച്ചത്.
‘ജീവിതത്തില്‍ ഏറ്റവും മാനസികാഘാതമുണ്ടാക്കിയ അനുഭവത്തിലൂടെയാണ് ഇന്ന് ഞാന്‍ കടന്നുപോയത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ച ശേഷം ഊബറില്‍ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ആ സമയം കാറില്‍ കയറുന്നവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നു ഡ്രൈവര്‍. ഇതിന് ശേഷം അയാള്‍ എനിക്കുനേരെ തിരിഞ്ഞു. വിദ്യാഭ്യാസമുള്ള സ്ത്രീയായതിനാല്‍ ജോലി കഴിഞ്ഞ് ഏഴ് മണിക്ക് മുന്‍പ് വീട്ടിലെത്തണമെന്നും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കരുതെന്നും അയാള്‍ പറഞ്ഞു. ഞാന്‍ മദ്യപിച്ചിട്ടില്ലെന്നും സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും മറുപടി നല്‍കി.
പിന്നാലെ അയാളെന്നെ അസഭ്യം പറയാന്‍ തുടങ്ങി. അയാള്‍ കാറിന്റെ വേഗത കൂടി കുറച്ചതോടെ എനിക്ക് പേടിയായി. കാറിലുണ്ടായിരുന്ന സേഫ്റ്റി ബട്ടണ്‍ അമര്‍ത്തി. എന്നെ വിളിക്കേണ്ടതിന് പകരം ഊബര്‍ വിളിച്ചത് ഡ്രൈവറെയാണ്. ഞാന്‍ മദ്യലഹരിയിലാണെന്ന് ഡ്രൈവര്‍ വിളിച്ചയാളോട് പറഞ്ഞു. അപ്പുറത്തിരുന്ന് എന്നോട് സംസാരിക്കണമെന്ന് ഞാന്‍ അലറി. അപ്പോഴാണ് ആ ഫോണിലുണ്ടായിരുന്ന കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥ എന്നോട് സംസാരിക്കുന്നത്.
എന്നെ സഹായിക്കണമെന്ന് ഉദ്യോഗസ്ഥയോട് പറഞ്ഞു. കാറില്‍ നിന്നിറങ്ങണമെന്നും മറ്റൊരു ടാക്സി ഉടന്‍ ബുക്ക് ചെയ്ത് തരാമെന്നും അവര്‍ ഉറപ്പുനല്‍കി. അപ്പോഴേക്കും ഡ്രൈവര്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കാറില്‍ നിന്നിറങ്ങിയില്ലെങ്കില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറുമെന്ന് പറഞ്ഞു. രാത്രി 11.15ന് അത്ര പരിചയമില്ലാത്ത, തിരക്കില്ലാത്ത റോഡില്‍ ഞാനിറങ്ങി. അവര്‍ വിളിച്ചു തരാം എന്ന് പറഞ്ഞ കാറിനു വേണ്ടി കാത്തു നിന്നു. എന്നാല്‍ ഊബര്‍ അധികൃതര്‍ ആരും എന്നെ വിളിച്ചില്ല. പതിനഞ്ച് മിനിട്ടോളം തുടര്‍ച്ചയായി തിരിച്ചുവിളിച്ചിട്ടും മെസേജ് അയച്ചിട്ടും പ്രതികരിച്ചില്ല. പിന്നീട് എന്റെ സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ചു. എന്റെ പണം തിരികെ നല്‍കി എന്നത് മാത്രമാണ് ഊബര്‍ ചെയ്തത്.