കാര്‍ ഓടിക്കുന്നതിനിടെ ഊബര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി! സ്വയം കാറോടിച്ച് യുവതി വീട്ടിലെത്തി
പൂനെ: കാര്‍ ഓടിക്കുന്നതിനിടെ ഊബര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വീട്ടിലേക്ക് കാറോടിച്ചത് യുവതി. ഫെബ്രുവരി ഒന്നിന് പൂനെയിലാണ് സംഭവം. മുംബൈയിലെ അന്തേരിയില്‍ നിന്ന് പൂനെയിലെ വീട്ടിലേക്ക് പോകാനാണ് 28കാരി ഊബര്‍ ടാക്സി വിളിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം യുവതിതന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ മൊബൈലില്‍ നോക്കിക്കൊണ്ടാണ് വാഹനം ഓടിച്ചത്. യുവതി ഇതില്‍ പരാതിപ്പെട്ടപ്പോള്‍ മൊബൈല്‍ നോക്കിയില്ലെങ്കില്‍ താന്‍ ഉറങ്ങിപ്പോകുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഫോണ്‍ ഓഫ് ചെയ്തു കുറച്ചുകഴിഞ്ഞതോടെ ഡ്രൈവര്‍ ഉറങ്ങാന്‍ തുടങ്ങി. അപകടമുണ്ടാകുമെന്ന് ഉറപ്പായതോടെ കാര്‍ താന്‍ ഡ്രൈവ് ചെയ്യാമെന്ന് അറിയിച്ച് യുവതി കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
യാത്രയില്‍ ഏറെനേരവും യുവതി തന്നെയാണ് ഡ്രൈവ് ചെയ്തത്. പൂനെയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് ഡ്രൈവര്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതു പോലും. യുവതി ഉറങ്ങിക്കിടക്കുന്ന ഡ്രൈവറുടെ ചിത്രമെടുത്ത് പ്രചരിപ്പിച്ചതോടെ ഡ്രൈവര്‍ക്ക് പണികിട്ടി.
ഡ്രൈവറുടെ നടപടി അങ്ങേയറ്റം ഖേദകരവും ഉത്കണ്ഠ ഉണ്ടാക്കുന്നതുമാണെന്ന് ഊബര്‍ വക്താവ് പ്രതികരിച്ചു. ഇയാളുടെ ഊബര്‍ പങ്കാളിത്തത്തിനുള്ള ആപ് സസ്പെന്റു ചെയ്യുകയാണെന്നും വക്താവ് അറിയിച്ചു.