അമ്മാ അവന്‍ പാവമാണ്, ഞാന്‍ അവനെ കല്യാണം കഴിച്ചാലോ; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് സായ് പല്ലവി
പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. ഇന്ന് തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ്. പ്രേമത്തിന് ശേഷം മലയാളത്തില്‍ രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലര്‍ മിസിനോടുള്ള മലയാളികളുടെ സ്‌നേഹം തരിമ്പും കുറഞ്ഞിട്ടില്ല.
ഇപ്പോഴിതാ തന്റെ ഇഷ്ടങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പ്പവുമെല്ലാം തുറന്നു പറയുകയാണ് സായി പല്ലവി. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, പ്രൊപ്പോസല്‍ തുടങ്ങിയ കാര്യങ്ങളിലാണ് സായി മനസ് തുറന്നത്. എന്നാണ് കല്യാണം എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നു.
ആദ്യ കാഴ്ചയില്‍ പ്രണയം സംഭവിക്കുമെന്ന് സായി പല്ലവി വിശ്വസിക്കുന്നില്ല. പക്ഷെ ഒരു ആകര്‍ഷണം തോന്നിയേക്കാം എന്നു സായി പറയുന്നു. തന്നോട് ഒരിക്കല്‍ ഒരു പയ്യന്‍ പ്രണയം തുറന്നു പറഞ്ഞതിനെ കുറിച്ചും സായി പറയുന്നു. ജോര്‍ജിയയില്‍ ചേര്‍ന്ന സമയത്തായിരുന്നു സംഭവം. ഒരു പയ്യന്‍ എന്നോട് കരഞ്ഞു പറഞ്ഞു, തനിക്ക് ഈ ലോകത്തില്‍ ഏറ്റവും ഇഷ്ടം അമ്മയെയാണ്. അമ്മ കഴിഞ്ഞാല്‍ പിന്നെ പല്ലവി നിന്നെയാണ് ഇഷ്ടം എന്ന്. സായി പല്ലവി പറയുന്നു.
പിന്നാലെ ഞാന്‍ അമ്മയെ വിളിച്ചു. അമ്മാ അവന്‍ പാവമാണ്. ഞാന്‍ അവനെ കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. അച്ഛനും അമ്മയും ക്ഷമയുള്ളവരായത് കൊണ്ട് തടികേടാകാതെ രക്ഷപ്പെട്ടെന്നും സായി പല്ലവി പറയുന്നു. എന്നാണ് കല്യാണം എന്നു ചോദിക്കുന്നവരോട് സായി പല്ലവിയുടെ ഉത്തരം തന്നെ കെട്ടിച്ച് വിടാന്‍ ഇത്തിരി പാട് പെടുമെന്നാണ്. ഉടനെയൊന്നും കല്യാണമുണ്ടാകില്ല. അഭിനയം തുടരണം. അച്ഛനേയും അമ്മയേയും വിട്ട് എങ്ങോട്ടേക്കും ഇപ്പോഴില്ലെന്നും താരം പറയുന്നു.