ദുബൈ:യുഎഇയില്‍ വേനല്‍ കനത്തതോടെ ചൂട് കുറയ്ക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടി അധികൃതര്‍. അസഹ്യമായ ചൂടാണ് ദുബൈയില്‍ അനുഭവപ്പെടുന്നത്. 125 ഡിഗ്രി ഫാരന്‍ഹീറ്റാണ് ദുബൈയില്‍ ജൂണ്‍ ആറിന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഓരോ വര്‍ഷവും നാല് ഇഞ്ച് മഴ മാത്രമാണ് ദുബൈയില്‍ ലഭിക്കാറുള്ളത്. ഇത്തവണ താപനില ഉയര്‍ന്നതോടെ ചൂട് നിയന്ത്രിക്കാന്‍ കൃത്രിമ മഴ എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് എമിറേറ്റ്.
ജൂണില്‍ താപനില 51.8 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെയാണ് ചൂട് കുറയ്ക്കാനുള്ള കൃത്രിമ മാര്‍ഗങ്ങള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങിയത്. വര്‍ഷാവര്‍ഷം ദുബൈയില്‍ ലഭിക്കുന്ന നാല് ഇഞ്ച് മഴ കൃഷിക്ക് പോലും അപര്യാപ്തമാണെന്നും അതിനാല്‍ തന്നെ ആവശ്യമായ 80 ശതമാനം ഭക്ഷ്യവസ്തുക്കളും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരികയാണെന്നും ‘ഫോബ്‌സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണുകളുടെ സഹായത്തോടെ ലേസര്‍ രശ്മികള്‍ പുറപ്പെടുവിച്ച് അതുവഴി കൃത്രിമമായി മഴ പെയ്യിക്കുന്ന നൂതന രീതിയാണ് ദുബൈ അവലംബിച്ചിരിക്കുന്നത്.
ക്രമാതീതമായി ഉയരുന്ന ചൂട് നിയന്ത്രിക്കുന്നതിനായി ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് മഴ പെയ്യിക്കുന്ന രീതി രാജ്യത്ത് അവതരിപ്പിച്ചത്. ക്ലൗഡ് സീഡിങ് എന്ന ശാസ്ത്രീയ രീതി വഴി കൃത്രിമ മഴ പെയ്യിക്കുന്ന മാര്‍ഗം വളരെക്കാലം മുമ്പേ വിവിധ രാജ്യങ്ങള്‍ പല വിധത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ട്. സില്‍വര്‍ അയോഡൈഡ് പോലെയുള്ള രാസവസ്തുക്കള്‍ മേഘങ്ങളിലേക്ക് പുറപ്പെടുവിപ്പിച്ച് മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്.
കൃത്രിമ മഴ പെയ്യിക്കാനുള്ള മാര്‍ഗങ്ങള്‍ക്കായി യുഎഇ ഇതുവരെ ഒമ്പത് പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിന്‍റെ ആകെ ചെലവ് 1.5 കോടി ഡോളറാണെന്നും ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യത്തെ എട്ട് പ്രൊജക്ടുകളിലും പരമ്പരാഗത ക്ലൗഡ് സീഡിങ് മാര്‍ഗമാണ് ഉപയോഗിച്ചത്. ഇതിന് ശേഷമാണ് രാജ്യം ഇപ്പോള്‍ പുതിയ രീതിയിലൂടെ മഴ പെയ്യിക്കാനുള്ള പദ്ധതി പ്രായോഗികമാക്കുന്നത്.
സാധാരണ ക്ലൗഡ് സീഡിങ് രീതികളിലെ പോലെ ഡ്രോണ്‍ ഉപയോഗിച്ച് രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്നതിന് പകരം ചില മേഘങ്ങളെ ലക്ഷ്യമിട്ട്, ഡ്രോണുകള്‍ വഴി അവയിലേക്ക് ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ഇലക്ട്രിക്കല്‍ ചാര്‍ജ് നല്‍കുന്നതാണ് നൂതന രീതി. ഇത്തരത്തില്‍ ഇലക്ട്രിക്കല്‍ ഡിസ്ചാര്‍ജ് വഴി അന്തരീക്ഷത്തില്‍ ജലകണികകള്‍ സൃഷ്ടിക്കുകയും അവ കൂടിച്ചേര്‍ന്ന് മഴ പെയ്യിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആവശ്യമായ അളവില്‍ ദുബൈയിലുള്‍പ്പെടെ കൃത്രിമ മഴ പെയ്യിച്ചതിന് തെളിവായി ദേശീയ കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പങ്കുവെച്ചിട്ടുമുണ്ട്.