അബുദാബി:യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി.രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളർക്കാണ് അനുമതി.ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യുഎഇയിൽ പ്രവേശിക്കാനാവില്ല.
ഇന്ത്യ,പാകിസ്താൻ, ശ്രീലങ്ക നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് അനുവദിച്ചത്. യുഎഇ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.രണ്ടാം ഡോസ് എടുത്ത് ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിയണം യാത്ര ചെയ്യാൻ. കൂടാതെ വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈയിൽ വേണം.
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്ക് വിലക്കേർപ്പെടുത്തയതിനെ തുടർന്ന് മറ്റു രാജ്യങ്ങൾ വഴി ലക്ഷങ്ങൾ ചെലവാക്കിയാണ് പ്രവാസികൾ നിലവിൽ യുഎയിലേക്ക് പ്രവേശിച്ചിരുന്നത്. താമസ വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന യുഎഇയുടെ തീരുമാനം പ്രവാസികൾ വലിയ ആശ്വാസം നൽകും.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ അവസാനത്തോടെയാണ് യുഎഇ ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശനം വിലക്കിയത്.ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്ര സെനക്ക വാക്സിൻ യു എ ഇ അംഗീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ , നഴ്സുമാർ ,അധ്യാപകർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമല്ല.
നിലവിൽ ഖത്തർ , അർമേനിയ രാജ്യങ്ങളിൽ രണ്ടാഴ്ച ക്വറന്റീൻ പൂർത്തിയാക്കി പ്രവാസികൾ യു എ ഇ യിൽ പ്രവേശിക്കുന്നുണ്ട്. എന്നാൽ അത്തരം യാത്രയ്ക്ക് രണ്ടു ലക്ഷം രൂപയോളം ചെലവ് വന്നിരുന്നു. സൗദി അറേബ്യ ഒമാൻ അടക്കമുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് എപ്പോൾ അവസാനിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
യുഎഇ അംഗീകരിച്ച വാക്സിനെടുത്തവർക്ക് മാത്രമാണ് ഈ ഇളവ്. നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കിൽ കോവിഷീൽഡ് വാക്സിനും സ്പുട്നിക്v വാക്സിനും യുഎഇ അംഗീകരിച്ചതാണ്. അതേ സമയം ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ യുഎഇ അംഗീകരിച്ചിട്ടില്ല.നിലവിൽ യുഎഇയിൽ വിതരണം ചെയ്യുന്നതോ യുഎഇ അംഗീകരിച്ചതോ ആയ വാക്സിനുകൾ ഇവയാണ്.
സിനോഫാം
ഓക്സ്ഫഡ് അസ്ട്രാസെനക്ക/കോവിഷീൽഡ്
ഫൈസർ/ബയേൺടെക്
സ്പുട്നിക്v
മൊഡേണ
ഇതിലേതെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കാണ് ഇന്ത്യയിൽ നിന്ന് യുഎയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്. സംസ്ഥാനത്ത് മുൻഗണനാ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് വിതരണം ചെയ്യുന്നത് കോവിഷീൽഡ് വാക്സിനാണ്.