Newspravasi

കോവിഡ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കു നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടി. മെയ്‌ 14 വരെ വിലക്ക് തുടരുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തില്‍ വന്ന വിലക്ക് മെയ്‌ നാലിന് അവസാനിക്കാനിരിക്കെ ആണ് 10 ദിവസത്തേക്കുകൂടി നീട്ടിയത്.

ഈ മാസം 22നാണ് യുഎഇ ഇന്ത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 24ന് അര്‍ധരാത്രി 12 മുതല്‍ അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇനി മെയ്‌ 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകൂ.

മെയ് 24ന് വിലക്ക് നിലവില്‍ വന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളില്‍ സമയപരിധി തീരുന്നതിന് മുന്‍പ് തിരിച്ചുവരുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നു നാട്ടില്‍ അവധിക്കു പോയ പ്രവാസികള്‍ പലരും തിരിച്ചുവരാനാകാതെ കുടുങ്ങി. അതേസമയം, മെയ്‌ അഞ്ച് മുതല്‍ എയര്‍ ഇന്ത്യയടക്കം ഇന്ത്യയില്‍ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു.

വിലക്ക് ആദ്യം പ്രാബല്യത്തില്‍ വരുന്നതിന് 14 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവരെയും ട്രാന്‍സിറ്റ് വീസക്കാരെയും യുഎഇയില്‍ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതുമൂലം ഇന്ത്യയിലുള്ള ഒട്ടേറെ പേര്‍ കുടുങ്ങുകയും ചെയ്തു.

അതേസമയം, യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വീസയുള്ളവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയരാകുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button