ഇന്ത്യയ്ക്ക് 100 ദശലക്ഷം ഡോളറിന്റെ വൈദ്യ സഹായവുമായി യു.എസ്
വാഷിംഗ്ടണ്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പകച്ചു നില്‍ക്കുന്ന ഇന്ത്യയ്ക്ക് നൂറു ദശലക്ഷം ഡോളറിന്റെ അടിയന്തര വൈദ്യ സഹായവുമായി യുഎസ്. അടിയന്തര വൈദ്യ സഹായം ഇന്നു മുതല്‍ ഇന്ത്യയില്‍ എത്തിത്തുടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈദ്യസഹായവുമായി യുഎസ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്നാണ് വിവരം.
അടിയന്തര സഹായമായി 1700 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 1,100 സിലിണ്ടറുകള്‍, 20 രോഗികളെ വരെ സഹായിക്കാന്‍ സൗകര്യപ്രദമായ വലിയ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ എന്നിവ എത്തിച്ച് നല്‍കും. ഇതിനൊപ്പം 15 മില്യണ്‍ എന്‍ 95 മാസ്‌കുകളും പത്ത് ലക്ഷം ദ്രുത പരിശോധന കിറ്റുകളും നല്‍കുമെന്നും ബൈഡന്‍ ഭരണകൂടം പുറപ്പെടുവിച്ച ഫാക്റ്റ്ഷീറ്റില്‍ പറയുന്നു.
ആസ്ട്രാസെനേക്ക ഉല്‍പാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കളുടെ യുഎസ് ഓര്‍ഡറും ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു. ഇത് ഉപയോഗിച്ച് 20 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ നിര്‍മിക്കാന്‍ സാധിക്കും. കോവിഡ് ചികിത്സയ്ക്ക് അനുമതി ലഭിച്ചിട്ടുള്ള ആന്റി വൈറല്‍ മരുന്ന് റെംഡെസിവറിന്റെ 20,000 ചികിത്സാ കോഴ്സുകളുടെ ആദ്യഘട്ടവും നല്‍കുമെന്നും ഫാക്റ്റ്ഷീറ്റില്‍ പറയുന്നു.
യുഎസ് സര്‍ക്കാരിന്റെ സഹായ വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ ഇന്ത്യയില്‍ വന്നിറങ്ങും. അടുത്തയാഴ്ച വരെ ഇത് തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യുഎസും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ബൈഡന്‍ ഭരണകൂടം അറിയിച്ചു.
അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു, ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.