.
കൊച്ചി: എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം നമ്പർ രണ്ടിൽ കോട്ടയം വഴിയുള്ള കൊല്ലം മെമുവും പാലക്കാട് പോകുന്ന മെമുവും ഒരു പ്ലാറ്റ് ഫോമിലാണ് നിർത്തിയിട്ടിരുന്നത്. കൊല്ലം മെമു പ്ലാറ്റ് ഫോം നമ്പർ രണ്ടിൽ നിന്ന് പുറപ്പെടുന്നതായി അന്നൗൺസ്‌മെന്റ് ചെയ്യുന്നുമുണ്ടായിരുന്നു. ഇതനുസരിച്ച് ഓവർ ബ്രിഡ്ജിന്റെ പടികൾ ഇറങ്ങിയെത്തുന്ന യാത്രക്കാർ ആദ്യം കണ്ട മെമുവിൽ ഇടം പിടിച്ചു.
ട്രെയിൻ നീങ്ങിതുടങ്ങുമ്പോൾ പതിവുപോലെ യാത്രക്കാർ പരിഭ്രാന്തരായി ട്രെയിൻ മാറികയറാൻ ശ്രമിക്കുകയും വലിയ അപകടങ്ങളിലേയ്ക്ക് നയിക്കുമെന്ന് മനസ്സിലായ യാത്രക്കാരിൽ ചിലർ ഇത് ചോദ്യം ചെയ്തപ്പോൾ റെയിൽവേയെ തിരുത്താൻ നിങ്ങൾക്ക് അധികാരമില്ലെന്നുമാണ് പ്ലാറ്റ് ഫോമിലെ നിയമ പാലകരിൽ നിന്നും ജീവനക്കാരിൽ നിന്നും ലഭിച്ച മറുപടി. റെയിൽവേയുടെ സിസ്റ്റത്തിലെ പിഴവുകളാണ് ചൂണ്ടിക്കാട്ടിയത് എന്ന് പറഞ്ഞവരോട് ധാർഷ്ട്യം കലർന്ന സമീപനമാണ് ജീവനക്കാർ സ്വീകരിച്ചത്.
എറണാകുളം ജംഗ്ഷനിൽ നിന്ന് 01.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06769 മെമുവിന് 12.30 മുതൽ നോർത്ത് എൻഡ്, സൗത്ത് എൻഡ് എന്ന് വ്യക്തമായി അന്നൗൺസ് ചെയ്തിരുന്നെന്ന് പ്ലാറ്റ് ഫോമിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്ന കേരള പോലീസ് ആവർത്തിക്കുന്നുണ്ട്. പക്ഷേ യാത്രക്കാർ സ്റ്റേഷനിലേയ്ക്ക് എത്തിച്ചേരുന്ന 01.15 ന് ശേഷം പ്ലാറ്റ് ഫോം അനൗൺസ്മെന്റ് കൃത്യമല്ലായിരുന്നുവെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. അവസാന നിമിഷങ്ങളിൽ അപകട സാധ്യത വർദ്ധിപ്പിക്കുന്ന പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ് യാത്രക്കാർ പ്രതിഷേധിച്ചത്.
യാത്രക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം പോലീസ് സഹകരണത്തോടെ പാലക്കാട് മെമുവിൽ കയറിയ കൊല്ലം യാത്രക്കാരെ വിവരമറിയിക്കുകയും ട്രെയിൻ മാറികയറാൻ അവസരമൊരുക്കുകയും ചെയ്തു. 01.35 ന് സിഗ്നൽ ആയ ശേഷം യാത്രക്കാർ ഓടിക്കയറാൻ മൂന്നു അധികമിനിറ്റുകൾ ഗാർഡിന്റെ അനുമതിയോടെ നൽകുകയായിരുന്നു. എന്നിട്ടും ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ പ്രതീക്ഷയോടെ വീണ്ടും കുറച്ചു ആളുകൾ പിറകെ ഓടുന്നുണ്ടായിരുന്നു
രണ്ട് മെമു ട്രെയിനുകൾ തമ്മിലുള്ള അകലം ദൂരെനിന്ന് പ്രകടമല്ലായിരുന്നു. പിറകിലെ ഓവർ ബ്രിഡ്ജ് വഴിയാണ് കൂടുതൽ ആളുകൾ പ്ലാറ്റ് ഫോമിൽ പ്രവേശിക്കുന്നത്. ഇതെല്ലാം ട്രെയിൻ മാറി കയറുന്നതിന് കാരണമായി.
കുട്ടികളെയും ഒക്കത്തിരുത്തി ഓടുന്ന കാഴ്ചകളുണ്ട്, ഓടിക്കയറാൻ കഴിയാതിരുന്ന നിസ്സഹായരായ വയോധികാരുണ്ട്. നേരത്തെ സ്റ്റേഷനിൽ എത്തിയിട്ടും റെയിൽവേയുടെ അനാസ്ഥമൂലം ട്രെയിൻ നഷ്ടപ്പെട്ട ഭിന്നശേഷിക്കാരും രോഗികളും സ്ത്രീകളുമുണ്ട്.
ഇതാദ്യ സംഭവമല്ല, അതുകൊണ്ട് തന്നെ കൂടുതൽ അനിഷ്ട സംഭവങ്ങൾ വാർത്തകളായ് മാറുന്നതിന് മുമ്പ് റെയിൽവേ ഈ വിഷയത്തിൽ ഒരു അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു.
[ഈ മെമുവിൽ (06769 എറണാകുളം കൊല്ലം) കടുത്തുരുത്തി സ്റ്റേഷൻ കഴിഞ്ഞാൽ കോട്ടയം സ്റ്റേഷനാണ് അനൗൺസ് ചെയ്യുന്നത്. കുറുപ്പന്തറ, ഏറ്റുമാനൂർ, കുമാരനെല്ലൂർ സ്റ്റേഷനുകളുടെ അറിയിപ്പ് ഇല്ലാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്. കോട്ടയം സ്റ്റേഷനാണെന്ന് തെറ്റിദ്ധരിച്ച് സ്റ്റേഷൻ മാറിയിറങ്ങുകയും തിരിച്ചു ഓടി കയറുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.