ലഖ്നൗ: ഉത്തർപ്രദേശിൽ വൻ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരർ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) പിടിയിൽ. ലഖ്നൗ സ്വദേശികളായ മിൻഹാജ് അഹമ്മദ്, നസിറുദ്ദീൻ എന്നിവരാണ് പിടിയിലായത്.ലഖ്നൗ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സ്ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്ന് ലഖ്നൗ പോലീസ് പറഞ്ഞു.
ചാവേർ സ്ഫോടനവും സംഘം പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പിടിയിലായവർ അൽ ഖ്വയ്ദയുമായി ചേർന്ന് പ്രവർത്തിക്കുന്ന അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എ ജി എച്ച്) ഭീകരസംഘടനയിൽ ഉൾപ്പെടുന്നവരാണെന്ന് ഉത്തർപ്രദേശ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
കക്കോരിയിലെ ദബ്ബാഗ പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണ് എടിഎസ് ഐജി ജി.കെ ഗോസ്വാമിയുടെ നേതൃത്വത്തിൽ ഭീകരരെ പിടികൂടിയത്. രഹസ്യവിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇവരിൽ നിന്ന് രണ്ട് പ്രഷർ കുക്കർ ബോംബും ഏഴ് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളുടെ ശേഖരവും പിടിച്ചെടുത്തു. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
തീവ്രവാദ സംഘം സംസ്ഥാനത്തെ ഒരു എംപി ഉൾപ്പെടെ ചില ബിജെപി നേതാക്കളെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് എടിഎസിൽ നിന്ന് ലഭിക്കുന്ന വിവരം. എടിഎസിന് പുറമെ സംസ്ഥാനത്തെ മറ്റ് അന്വേഷണ ഏജൻസികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം സമീപത്തുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്.