കൊല്ലം: കൺമുന്നിൽ രണ്ടു വിദ്യാർഥികൾ പിടഞ്ഞുമരിക്കുന്നത്, നിസ്സഹായനായി കണ്ടുനിൽക്കേണ്ടിവന്ന ദുഃഖത്തിലാണ് ഓട്ടോ ഡ്രൈവർ ഏറ്റുവായ്ക്കോട് ഗോപികയിൽ സുരേഷ്.
വാക്കനാട് കൽച്ചിറ പള്ളിക്കുസമീപം ആറ്റിലേക്കുള്ള പടവിൽ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളായ റിസാനും അർജുനും പിടഞ്ഞുമരിച്ചതിന്റെ ദൃശ്യങ്ങൾ മനസ്സിൽനിന്നു മായുന്നേയില്ല.
മരിച്ച വിദ്യാർഥികളടക്കമുള്ള അഞ്ചുപേരും നെടുമൺകാവ് ജങ്ഷനിൽനിന്ന് സുരേഷിന്റെ ഓട്ടോയിലാണ് കൽച്ചിറയിൽ എത്തിയത്. ‘ആറ്റിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇറങ്ങരുതെന്ന് ഞാൻ കുഞ്ഞുങ്ങളോട് പറഞ്ഞു. ‘ഇല്ല ഫോട്ടോയെടുത്തിട്ട് തിരികെക്കയറാമെന്ന് അവർ പറഞ്ഞു’-സുരേഷ് ഓർക്കുന്നു.
കാടുമൂടിക്കിടന്ന ഭാഗത്ത് സ്റ്റേ കമ്പിയാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്ന് സുരേഷ് സംശയിക്കുന്നു. ഉടൻതന്നെ അർജുൻ വട്ടക്കമ്പ് ഒടിച്ച് കൈവിടുവിക്കാൻ ശ്രമിച്ചു. ആ വെപ്രാളത്തിനിടെ കരഞ്ഞുപറഞ്ഞുകൊണ്ട് അർജുൻ റിസാനെ കടന്നുപിടിക്കുകയായിരുന്നു.
കൂട്ടുകാരനോടുള്ള സ്നേഹത്തിൽ അർജുൻ മരണത്തിലേക്കു വീണതാണെന്ന് സുരേഷ് പറയുന്നു.
‘രണ്ടുകുട്ടികൾ കണ്മുന്നിൽ പിടഞ്ഞുമരിക്കുന്നത് കണ്ടുനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. വെള്ളത്തിൽ വീണതാണെങ്കിൽ കൂടെച്ചാടി രക്ഷിക്കാമായിരുന്നു. ഇത് ഒന്നുംചെയ്യാൻ കഴിയില്ലല്ലോ.’-സുരേഷിന്റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ മുറിഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമാണ് പുറംലോകം അധികം അറിയാത്ത വാക്കനാട് കൽച്ചിറ പള്ളിക്കുസമീപത്തെ ചെറുകടവ് കോളേജ് വിദ്യാർഥികളുടെ ഇഷ്ടകേന്ദ്രമാക്കിയത്. ദൂരെനിന്നുപോലും കാറുകളിലും ബൈക്കുകളിലും ഓട്ടോറിക്ഷകളിലും വിദ്യാർഥികളെത്തും. ഒഴുക്കുള്ള വെള്ളത്തിൽനിന്ന് സെൽഫിയെടുക്കുകയാണ് പ്രധാനം.
പള്ളിയിൽ തിരക്കുള്ള വ്യാഴം,ഞായർ ദിവസങ്ങളിൽ പുറത്തുനിന്നുള്ള ആരെയും കടവിൽ കുളിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ കർശന നിലപാടെടുത്തത് അടുത്തകാലത്താണ്. ഇതോടെ വിദ്യാർഥികളുടെ വരവ് മറ്റുദിവസങ്ങളിലേക്കു മാറിയെന്നും നാട്ടുകാർ പറയുന്നു. നാലുദിവസംമുൻപ് കടവിലേക്കുരുണ്ട കാറിൽനിന്ന് ആളിനെ രക്ഷിക്കുകയും മണ്ണുമാന്തിയെത്തിച്ച് കാർ വലിച്ചുനീക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. കടവിൽ കുളിക്കരുതെന്നു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടും ഫലമില്ല.
പള്ളിക്കുമുന്നിലെ പോസ്റ്റിൽനിന്നാണ് നല്ലിലഭാഗത്തെ കുറച്ചു വീടുകളിലേക്കുള്ള വൈദ്യുത ലൈൻ പോകുന്നത്. ആറിന് ഇക്കരെ വെളിയം സെക്ഷനും അക്കരെ നല്ലില സെക്ഷനുമാണ്. കാടുമൂടിക്കിടക്കുന്ന വൈദ്യുത ലൈനിൽ ഇരു സെക്ഷൻകാരും അറ്റകുറ്റപ്പണി നടത്താറില്ല.വൈദ്യുത ലൈൻ പൊട്ടിക്കിടന്നിട്ടും ആരും അറിയാതിരുന്നത് ഇതുെകാണ്ടാണ്. ലൈൻ പൊട്ടിയാൽ വൈദ്യുതിബന്ധം വിച്ഛേദിക്കാതിരുന്നതിനു കാരണം ലോ ടെൻഷൻ ലൈനായതിനാലാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.