FeaturedNews

ലൈംഗിക ആരോപണം,രണ്ട് ‘വികാരി’മാര്‍ക്ക് പൗരോഹിത്യ വിലക്ക് ഏര്‍പ്പെടുത്തി തലശേരി രൂപത,വിശ്വാസികളോട് മാപ്പ് ചോദിച്ചും സഭ

തിരുവനന്തപുരം: ഇടുക്കി രൂപതയ്ക്ക് പിന്നാലെ സീറോ മലബാര്‍ സഭയില്‍ വീണ്ടും ലൈംഗിക വിവാദം കത്തുന്നു. തലശേരി അതിരൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ ലൈംഗിക ബന്ധങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ഓഡിയോ സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവം വലിയ വിവാദവും നാണക്കേടും ആയതോടെ രണ്ടു വൈദികര്‍ക്കും സഭ പൗരോഹിത്യ വിലക്ക് ഏര്‍പ്പെടുത്തി.

ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തതായാണ് അതിരൂപത പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നത്. വൈദികര്‍ നടത്തിയ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികളോട് അതിരൂപത മാപ്പ് ചോദിക്കുന്നു എന്നും പറയുന്നു. അതിരൂപതാംഗമായ ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്ന ദിവസം തന്നെ അജപാലന ശുശ്രൂഷയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. മറ്റൊരു സഭയില്‍ നിന്നും വൈദിക വൃത്തിക്കായെത്തിയ ഫാ.ജോസഫ് പൂത്തോട്ടലി( ബിജു) നെതിരെ നടപടി എടുക്കണമെന്നും പ്രസ്തുത സഭയുടെ മേലധികാരികളോട് ആവിശ്യപ്പെട്ടുവെന്നും പത്രകുറിപ്പില്‍ പറയുന്നു.

ലൈംഗിക പീഡനം സംഭവിച്ചിട്ടുണ്ടെന്ന് സഭയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി സഭ വിശദീകരണക്കുറിപ്പ് പുറത്തുവിട്ടു. വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം: തലശേരി അതിരൂപതയില്‍പെട്ട പൊട്ടന്‍പ്ലാവ് ഇടവകയിലെ വികാരിമാരായിരുന്ന ഫാ.ജോസഫ് പൂത്തോട്ടാല്‍, ഫാ.മാത്യൂ മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയിക്കുന്നു.

അതിരൂപതാംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്ന ദിനംതന്നെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലന ശുശ്രൂഷയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. സന്യാസ സഭാംഗമായ ഫാ.ജോസ് പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രസ്തുത സഭയുടെ മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.സന്മാതൃക നല്‍കേണ്ട വൈദീകരരുടെ ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സംഭവിച്ചതിന് ദൈവജനത്തോട് അതിരൂപത മാപ്പുചോദിക്കുന്നു.

സംഭവങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖയില്‍ നിന്ന് ആരോപണങ്ങള്‍ അറിഞ്ഞയുടന്‍ നിയമാനുസൃതമായ നടപടികള്‍ എടുത്ത അതിരൂപതയ്‌ക്കെതിരെ നിക്ഷിപ്ത തല്‍പര്യങ്ങളോടെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

മലയോര ഗ്രാമമായ പൊട്ടന്‍പ്ലാവ് ഇടവകയിലാണ് വൈദികര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. ഇരുവരും സഭയിലെ നിരവധിപേരെ ചൂഷണം നടത്തിയതായാണ് ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും പുറത്ത് വന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജു ജോസഫ് എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ പൊട്ടന്‍ പ്ലാവ് ഇടവകയിലെ വൈദികന്‍ മാത്യു മുല്ലപ്പള്ളിലിനെതിരെയുള്ള ആരോപണം ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് പലരും ഇതേറ്റെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button