കൊച്ചി: കൊച്ചി മെട്രോയില്‍ ഭീഷണി സന്ദേശം എഴുതിയത് രണ്ട് പേരാണ് പൊലീസ് കണ്ടെത്തി. വലിയ സുരക്ഷയുള്ള മേഖലയില്‍ പട്ടാപ്പകല്‍ അര മണിക്കൂറോളം ചിലവിട്ടാണ് ഇവര്‍ സ്പ്രേ പെയിന്‍റ് കൊണ്ട് എഴുതിയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയാൻ കഴിയുന്ന വിധത്തില്‍ വ്യക്തമല്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ മുട്ടംയാർഡിലെ പമ്പ മെട്രോ ബോഗിയില്‍ ഗ്രാഫിറ്റി രൂപത്തില്‍ ഭീഷണി സന്ദേശം കണ്ടെത്തിയത്.ബേൺ എന്ന് വലിയ അക്ഷരത്തിലും ഫസ്റ്റ് ഹിറ്റ് ഇൻ കൊച്ചിയെന്ന് ചെറിയ അക്ഷരത്തിലുമാണ് എഴുതി വച്ചിട്ടുള്ളത്. വലിയ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിൽ അതിക്രമിച്ച് കയറി ഇങ്ങനെ എഴുതി വച്ചത് രണ്ടംഗ സംഘമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവിയില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുമുണ്ടെങ്കിലും തിരിച്ചറിയാൻ കഴിയുന്ന വിധത്തില്‍ വ്യക്തമല്ല.
കൊച്ചി മെട്രോ കോര്‍പ്പറേഷന്‍റെ പരാതിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറിയതില്‍ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം റിലീസ് ചെയ്ത യുഎസ് ക്രൈം ത്രില്ലര്‍ സിനിമ ‘ബേണി’ന്‍റെ പരസ്യം പോലെയാണു ഗ്രാഫിറ്റി എഴുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭീഷണിസന്ദേശത്തെ മുന്നറിയിപ്പെന്ന നിലയില്‍ കണ്ട് തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.