തൃശ്ശൂര്‍: 24 മണിക്കൂറിനിടെ തൃശ്ശൂരില്‍ രണ്ടിടങ്ങളിലായി നടന്ന രണ്ട് കൊലപാതകങ്ങളില്‍ എല്ലാപ്രതികളും പിടിയിലായതായി പോലീസ്. മണ്ണുത്തി മൂര്‍ക്കനിക്കര അഖില്‍ കൊലക്കേസിലും കണിമംഗലത്ത് ഗുണ്ടാത്തലവനെ കുത്തിക്കൊന്ന കേസിലുമാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടിയത്.
അഖില്‍ കൊലക്കേസില്‍ ആറുപേരാണ് അറസ്റ്റിലായത്. കണിമംഗലത്തെ കൊലപാതകത്തില്‍ ഒരാളും അറസ്റ്റിലായി. പിടിയിലായ പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ പറഞ്ഞു.
മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടിക്കിടെ ഡാന്‍സ് കളിച്ചതിനെച്ചൊല്ലിയുള്ള സംഘര്‍ഷമാണ് മുളയം ചീരക്കാവ് സ്വദേശി അഖിലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. അനന്തകൃഷ്ണന്‍, വിശ്വജിത്ത്, ബ്രഹ്‌മജിത്ത്, ജിഷ്ണു, അക്ഷയ്, ശ്രീരാജ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ വിശ്വജിത്തും ബ്രഹ്‌മജിത്തും ഇരട്ടസഹോദരങ്ങളാണ്.
കുമ്മാട്ടിയുടെ ഭാഗമായി സംഘടിപ്പിച്ച ഡി.ജെ. ഘോഷയാത്രയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പിന്നാലെ അനന്തകൃഷ്ണനാണ് അഖിലിനെ കഴുത്തില്‍ കുത്തിപരിക്കേല്‍പ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. മറ്റുപ്രതികളും കൃത്യത്തില്‍ പങ്കാളികളാണ്. അറസ്റ്റിലായവരെല്ലാം 25 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
തര്‍ക്കത്തിനിടെ കഴുത്തില്‍ കുത്തേറ്റ അഖില്‍ 20 മീറ്ററോളം ഓടുകയും തുടര്‍ന്ന് ചോര വാര്‍ന്ന് റോഡില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. അഖിലിനെ നാട്ടുകാര്‍ ഉടന്‍തന്നെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ അഖിലിനൊപ്പമുണ്ടായിരുന്ന ചിറയത്ത് ജിതിനും കുത്തേറ്റിട്ടുണ്ട്. വന്‍കുടലിന് പരിക്കേറ്റ ജിതിന്‍ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തൃശ്ശൂര്‍ കണിമംഗലത്ത് ഗുണ്ടാത്തലവന്‍ കരുണാമയന്‍ എന്ന വിഷ്ണു കൊല്ലപ്പെട്ട കേസില്‍ റിജില്‍ എന്നയാളാണ് അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കാരണമായതെന്നും സംഭവം ഗുണ്ടാപകയല്ലെന്നുമാണ് സിറ്റി പോലീസ് കമ്മീഷണറുടെ പ്രതികരണം. കൊല്ലപ്പെട്ട വിഷ്ണുവും പ്രതിയും നേരത്തെ പരസ്പരം അറിയുന്നവരും ബന്ധുക്കളുമാണ്. ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളും പകയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് കൊലയ്ക്ക് കാരണമായതെന്നും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും മൊഴികളും ശേഖരിച്ചുവരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് കണിമംഗലം മങ്കുഴി പാലം കഴിഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപമാണ് കുത്തേറ്റനിലയില്‍ വിഷ്ണുവിനെ കണ്ടെത്തിയത്. കുത്തേറ്റ നിലയില്‍ കണ്ടെത്തുമ്പോള്‍ വിഷ്ണുവിന് ജീവനുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. കഴുത്തിനു താഴെ നെഞ്ചിനു മുകളിലായാണ് മുറിവ്. നെഞ്ചില്‍ ഒരൊറ്റ കുത്ത് മാത്രമാണുണ്ടായിരുന്നത്.
ഓണാഘോഷസമയത്തുണ്ടായ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നാലെ തൃശ്ശൂരില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ആഘോഷങ്ങള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും പോലീസ് നിരീക്ഷണമുണ്ടാകും. ക്രൈംസ്‌ക്വാഡിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണത്തിന് പുറമേ മഫ്തിയിലും പോലീസുകാരുണ്ടാകുമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.