ഹൈദരാബാദ്: ഈ മാസം പുതിയ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങി സൗത്ത് സെൻട്രൽ റെയിൽവേ. എന്നാൽ, പുതിയ ട്രെയിനുകളിൽ കേരളത്തിന് പ്രതീക്ഷകളില്ലെന്നാണ് റിപ്പോർട്ട്.
തെലങ്കാനയിലെ കച്ചിഗുഡയിൽ നിന്നും കർണാടകത്തിലെ യെശ്വന്ത്പുരിലേക്കും ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ചെന്നൈയിലേക്കുമാണ് പുതുതായി രണ്ട് വന്ദേഭാരത് ട്രെയിനുകൾ എത്തുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടു കോച്ചുകൾ വീതമുള്ള രണ്ട് ട്രെയിനുകൾക്കും പച്ചക്കൊടി വീശുമെന്നാണ് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നത്.
894 കോടി രൂപ ചെലവഴിച്ച് 50 റെയിൽവേ സ്‌റ്റേഷനുകൾ നവീകരണത്തിന്റെ പദ്ധതികൾ തുടരുന്നതിനിടെയാണ് പുതിയ രണ്ട് ട്രെയിനുകൾക്ക് ട്രാക്കിലേക്ക് ഇറങ്ങുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ തയ്യാറാകുന്നതിന്റെ പശ്ചാത്തലത്തിൽ ട്രാക്കിലും മറ്റുമായുള്ള ജോലികൾ ദൃതഗതിയിലാണ് മുന്നോട്ട് പോകുന്നത്.
കേന്ദ്ര സർക്കാരിന്റെ വേഗപദ്ധതിയായ വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പാതയിൽ വൈദ്യുതവൽകരണം അടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ബെംഗളൂരുവിലേക്കുള്ള ട്രെയിൻ മഹബൂബ്‌നഗർ-ധോൺ സെക്ഷനിലൂടെ പരീക്ഷണ ഓട്ടം ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ഈ വന്ദേ ഭാരത് റേക്ക് നിലവിൽ ഇവിടെയുള്ള മൗലാ അലി ലോക്കോമോട്ടീവ് യാർഡിലാണ്. ദക്ഷിണേന്ത്യയിലെ പ്രധാന ഐടി നഗരങ്ങളിലേക്കുള്ള യാത്രാദൈർഘ്യം ഏഴുമണിക്കൂറായി കുറയുമെന്നാണ് കരുതുന്നത്. ഇതോടെ അയൽ സംസ്ഥാനമായ കർണാടകത്തിലേക്ക് ലഭിക്കുന്ന മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാകും ഇത്. 610 കിലോമീറ്റർ ദൂരം ഏഴുമണിക്കൂർ കൊണ്ടാകും ട്രെയിൻ താണ്ടാനാകുമെന്നാണ് വിലയിരുത്തൽ.
വിജയവാഡയിൽ നിന്നും ചെന്നൈയിലേക്കുള്ള മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് റെനിഗുണ്ട വഴിയാകും പോകുന്നത്. ഇതിന്റെ മെയിന്റനൻസ് ഡിപ്പോ ചെന്നൈയിലായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ സുപ്രധാന നഗരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ട്രെയിനുകൾ ഒരുങ്ങുന്നത്. പകൽ സമയത്താകും ഈ ട്രെയിനുകൾ സഞ്ചരിക്കുക എന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ രണ്ട് പുതിയ നിർദ്ദിഷ്ട സർവീസുകളുടെ കൃത്യമായ സമയമോ ടിക്കറ്റ് നിരക്ക് സംബന്ധിച്ചും തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്.
കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷ്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ, ഇത് എന്നാണ് സംസ്ഥാനത്തിന് ലഭിക്കുക എന്ന് വ്യക്തമല്ല.