ജറുസലേം: ഹമാസിനെതിരെയുള്ള യുദ്ധം എട്ടാം ദിനത്തിലേയ്ക്ക് കടന്ന് ശക്തമാകുന്നതിനിടെ ഇസ്രയേൽ സേനയുടെ ഭാഗമായി രണ്ട് ഇന്ത്യൻ യുവതികൾ പ്രവർത്തിക്കുന്നതായി വിവരം. ഗുജറാത്ത് വംശജരായ രണ്ട് യുവതികളെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കമ്മ്യൂണിക്കേഷൻ ആന്റ് സൈബർ സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥയും ഫ്രണ്ട് ലൈൻ യൂണിറ്റിന്റെ ചുമതലയുമുള്ള നിഷയും കമാൻഡോ പരിശീലനം നേടുന്ന റിയയുമാണ് ഈ യുവതികൾ എന്നാണ് വിവരം. ഇസ്രയേൽ സൈന്യത്തിൽ സ്ഥിരനിയമനത്തിനായുള്ള പരിശീലനത്തിലാണ് റിയയിപ്പോൾ.
നിഷയുടെയും റിയയുടെയും പിതാക്കൻമാരായ ജീവാഭായ് മുലിയാസിയയും സാവ്‌ദാസ് ഭായ് മുലിയാസിയയും ഗുജറാത്തിലെ കൊത്താഡി ഗ്രാമത്തിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്ക് മുൻപ് ഇവർ ഇസ്രയേലിലേയ്ക്ക് കുടിയേറുകയായിരുന്നു. ഇസ്രയേൽ പൗരത്വം നേടുകയും ചെയ്തു. ടെൽ അവീവിൽ കട നടത്തുകയാണ് ജീവാഭായ്.
ലെബനൻ, സിറിയ, ജോർദാൻ, ഈജിപ്‌ത് അതിർത്തികളിൽ കഴിഞ്ഞ രണ്ട് വർഷമായി മകൾ നിഷ ഇസ്രയേൽ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നതായി ജീവാഭായ് പറഞ്ഞു. കഴിഞ്ഞതവണ ടെൽ അവീവ് സന്ദർശിച്ചപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയും ഭാര്യയും ജീവഭായുടെ വീട്ടിലെത്തിയിരുന്നതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന ഹമാസ്- ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗമായി നിഷയും റിയയും പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.
ഇസ്രയേലിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടതുണ്ട്. പുരുഷൻമാർക്ക് രണ്ട് വർഷവും എട്ട് മാസവും സ്ത്രീകൾക്ക് രണ്ട് വർഷവുമാണ് നിർബന്ധിത സൈനിക സേവനത്തിന്റെ കാലാവധി.
ശാരീരിക- മാനസിക വൈകല്യങ്ങൾ ഉള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകുന്നത്. കലാകാരൻമാർക്കും കായിക രംഗത്തുള്ളവർക്കും 75 ശതമാനം ഇളവ് അനുവദിക്കും. ഇസ്രയേൽ പ്രതിരോധ സേനയിൽ ഏകദേശം തുല്യ അനുപാതത്തിലാണ് സ്ത്രീകളും പുരുഷൻമാരുമുള്ളത്.