ജയ്പൂർ: കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി) ഉദ്യോഗസ്ഥർ പിടിയിലായി. രാജസ്ഥാൻ അഴിമതി വിരുദ്ധ വിഭാഗമാണ് ( എ സി ബി) ഇ ഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.
15 ലക്ഷം രൂപയാണ് ഇവർ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. നവൽ കിഷോർ മീണ, സഹായി ബാബുലാൽ മീണ എന്നിവരാണ് അറസ്റ്റിലായത്. ഇടനിലക്കാരൻ മുഖേനയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.
മണിപ്പൂരിലെ ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടുന്നതും അറസ്റ്റും ഒഴിവാക്കാനുമാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. 17 ലക്ഷം രൂപയാണ് ഇവർ ആദ്യം കൈക്കൂലി ആയി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 15 ലക്ഷമായി കുറയ്ക്കുകയായിരുന്നു. രാജസ്ഥാനിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇ ഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവിനെ കഴിഞ്ഞയാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. വിദേശ വിനിമയ ചട്ടല ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പത് മണിക്കൂറാണ് ഇ ഡി വൈഭവിനെ ചോദ്യം ചെയ്തത്. നവംബർ 25 ന് ആണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉള്ള ഇ ഡി യുടെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്ന ഗെലോട്ട് പറഞ്ഞിരുന്നു.