കൊല്ലം: ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ച് അഫസൽ മരിച്ചിരുന്നു. സുഹൃത്ത് സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
അതേസമയം, ചാരുംമൂട് കൊല്ലം – തേനി ദേശീയ പാതയിൽ ചാരുംമൂട് പത്തിശ്ശേരിൽ ക്ഷേത്രത്തിനു മുൻവശം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷ ഡ്രൈവർ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയിൽ ചോണേത്ത് അജ്മൽ ഖാൻ (തമ്പി-57) ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന ചുനക്കര തെക്ക് രാമനിലയത്തിൽ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ചുനക്കര നടുവിൽ തെക്കണശ്ശേരി തെക്കതിൽ ദിലീപ് ഭവനം മണിയമ്മ (57) പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ചെന്നൈയിൽ ജോലി ചെയ്യുന്ന പ്രബിനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഇവർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കൊല്ലം പുത്തൂരേക്ക് വരികയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
ചാരുംമൂട്ടിൽ നിന്ന് ചുനക്കരയ്ക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. എതിർ ദിശയിൽ നിന്നു വരികയായിരുന്ന കാറ് നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ സഞ്ചരിച്ചിരുന്ന വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഓട്ടോ റിക്ഷ പൂർണ്ണമായും തകർന്നിട്ടുണ്ട്. കാറിന്റെ മുൻ ഭാഗവും തകർന്നിട്ടുണ്ട്. കാറിടിച്ച് വൈദ്യുത പോസ്റ്റിനും ഒടിവുപറ്റി. അപകടത്തിൽ എയർബാഗ് പ്രവർത്തിച്ചതിനാലാണ് കാറിലുണ്ടായിരുന്നവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്.