കൊല്ലം: രാജ്യവ്യാപകമായി അപ്രതീക്ഷിത ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് അനധികൃത മദ്യവില്‍പനയും തകൃതിയായി. കൊല്ലത്ത് അനധികൃതമായി മദ്യ വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റിലായി. ഓച്ചിറ ആലുംപീടികയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയിലെ ചുമട്ട് തൊഴിലാളികളായ ക്ലാപ്പന പ്രയാര്‍ സന്തോഷ് (33), ആലുംപീടിക വാവല്ലൂര്‍ സ്വദേശി മണിലാല്‍(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചപ്പോള്‍ സന്തോഷ് മദ്യം കടത്തി മണിലാലിന്റെ വീട്ടില്‍ വച്ച് വില്‍പ്പന നടത്തുകയായിരുന്നു. ബുധനാഴ്ച രാത്രി മദ്യം വാങ്ങാനെത്തിയ ആളില്‍ നിന്നും ജവാന്‍ റം ലിറ്ററിന് 2,000 രൂപ ഈടാക്കി. ഇതില്‍ കുപിതനായ ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരിന്നു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. മണിലാലിന്റെ വീട്ടില്‍നിന്ന് മൂന്ന് ലിറ്റര്‍ മദ്യവും ഒരു ലിറ്റര്‍ കള്ളും പിടിച്ചെടുത്തു.