27.4 C
Kottayam
Friday, May 10, 2024

എൻഐഎ ഉദ്യോഗസ്ഥർ ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി, 30 ലക്ഷം ആവശ്യപ്പെട്ടു, രണ്ടുപേർ അറസ്റ്റിൽ

Must read

നാ​ഗ്പുർ: ക്രൈം സീരിസുകൾ കണ്ട് പ്രചോദിതരായി യുവതിയെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശികളായ സ്വപ്നിൽ മരാസ്‌കോൽഹെ, ചേത്‌ന ബുരാഡെ എന്നിവരാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോ​ഗസ്ഥർ ചമഞ്ഞായിരുന്നു യുവതിയെ തട്ടികൊണ്ടുപോയത്. സ്വപ്നിലും ചേത്‌നയും ഏറെ നാളായി ഒന്നിച്ചായിരുന്നു താമസം.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21-വയസുള്ള ഐടി ജീവനക്കാരിയെ ലക്ഷ്യംവച്ച ഇവർ ഹിംഗന ടി-പോയിൻ്റിൽവച്ച് യുവതിയെ തടഞ്ഞുനിർത്തി. ചേത്‌ന എൻഐഎയിൽ നിന്നാണെന്നും ബോംബ് സ്‌ഫോടനം സംബന്ധിച്ച് ചോദ്യം ചെയ്യണമെന്നും പറഞ്ഞെങ്കിലും യുവതി മുന്നോട്ട് നടന്നുനീങ്ങുകയായിരുന്നു.

എന്നാൽ ജോലി കഴിഞ്ഞ് തിരികെ വരവേ ഇരുവരും ചേർന്ന് യുവതിയുടെ സ്കൂട്ടർ തടഞ്ഞ് വ്യാജ ഐ‍ഡി കാർഡ് കാണിച്ച് ഭയപ്പെടുത്തി. തോക്ക് ചൂണ്ടി പിന്നിൽ കയറിയ സ്വപ്നിൽ യുവതിയെ വാടകവീട്ടില്‍ എത്തിച്ചെന്ന് സോണൽ ഡിസിപി അനുരാ​ഗ് ജെയിൻ പറഞ്ഞു.

യുവതിയെ വീട്ടിൽ പൂട്ടിയിട്ടതിനുശേഷം പിതാവിനെ വിളിച്ച് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മകളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പിതാവ് പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച ശുചിമുറിയിലേക്ക് പോകാൻ മുറിയിൽ നിന്നും പുറത്തിറങ്ങിയ യുവതി സഹായത്തിനായി ശബ്ദമുണ്ടാക്കിയതോടെ സമീപത്തുണ്ടായിരുന്ന പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഡിസിപി വ്യക്തമാക്കി.

സ്വപ്നിലും ചേത്‌നയും രണ്ട് വർഷം മുമ്പാണ് നാഗ്പുരിലെത്തുന്നത്. ഉപജീവനമാർ​ഗത്തിനായി ചെറിയ ജോലികൾ ചെയ്തുവരികയായിരുന്നു. കൂടുതൽ പണം നേടണമെന്ന ആ​ഗ്രഹത്തിനെ തുടർന്ന് തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ക്രൈം വെ​ബ് സീരിസുകൾ കണ്ട് പ്രചോദിതരായിട്ടാണ് ഇവരിത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് വിവരം. കോടതിയിൽ ​ഹാജരാക്കിയ പ്രതികളെ മാർച്ച് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.


ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week