KeralaNews

ഉമ്മയുടെ ദേഹത്ത് ടിപ്പർലോറി കയറിയിറങ്ങിയതറിയാതെ അവർ സ്കൂളിലെത്തി,തെരുവുനായകൾ വഴിയൊരുക്കിയ ദുരന്തം

താമരശ്ശേരി: തന്റെയും അനിയന്റെയും കൈകൾപിടിച്ച് സ്കൂൾബസിലേക്ക് കയറ്റിവിടാൻവന്ന ഉമ്മ തെരുവുനായകളെക്കണ്ട് ഭയന്ന് മാറവേ റോഡിലേക്കുവീണതുമാത്രമേ ഒമ്പതുവയസ്സുകാരനായ സമാന് ഓർമയുള്ളൂ. റോഡരികിലേക്കു വീണ് ചെറിയപോറലുകൾമാത്രം സംഭവിച്ച സമാനെയും ഇളയസഹോദരൻ മുഹമ്മദ് ആരിഫിനെയും നാട്ടുകാർ പൂനൂർ ഇഷാത്ത് പബ്ലിക് സ്കൂളിലേക്ക് കയറ്റിവിടുമ്പോൾ അവരുടെ മാതാവ് ഫാത്തിമത്തു സാജിദയുടെ ജീവനറ്റ ശരീരം റോഡിൽ കിടക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് ഉമ്മയുടെ ജീവൻപൊലിഞ്ഞത് കൺമുന്നിലാണെങ്കിലും ആളുകൾ ഓടിക്കൂടി കാഴ്ച മറഞ്ഞതിനാൽ കാര്യമറിയാതെയാണ് ഇരുവരും സ്കൂളിലെത്തിയത്. ഉമ്മയ്ക്ക് പരിക്ക് പറ്റിയതേയുള്ളൂവെന്നാണ് ഇരുവരെയും പ്രദേശവാസികൾ ആദ്യം വിശ്വസിപ്പിച്ചത്.

സംഭവസ്ഥലത്തുണ്ടായിരുന്നവർ സമാനെ സ്കൂൾവാഹനത്തിൽത്തന്നെ കയറ്റിവിട്ടപ്പോൾ ഒന്നാംക്ലാസ് വിദ്യാർഥി മുഹമ്മദ് ആരിഫിനെ അയൽവാസിയാണ് അതേ സ്കൂളിൽ പഠിക്കുന്ന തന്റെ മകൾക്കൊപ്പം കാറിൽ സ്കൂളിലേക്കെത്തിച്ചത്. പത്തുമണിയോടെ സ്കൂളിൽനിന്ന് വീട്ടിൽ മടങ്ങിയെത്തിയപ്പോൾമാത്രമാണ് ഇരുവരും മാതാവിന്റെ വിയോഗവിവരമറിയുന്നത്. ഉമ്മ തങ്ങളെ എന്നന്നേക്കുമായി വിട്ടുപോയതാണെന്ന സത്യം മറ്റു രണ്ടു സഹോദരങ്ങളെപ്പോലെ തിരിച്ചറിയാനുള്ള പ്രായമാവാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാതെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇരുവരും കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.

റോഡരികിലൂടെ കടന്നുപോവുകയായിരുന്ന തെരുവുനായകൾ കുരച്ചുകൊണ്ട് അടുത്തെത്തിയതുകണ്ട് ഭയന്ന് മാറവേയാണ് റോഡിൽ വീണ് ലോറിക്കടിയിൽപ്പെട്ട് ഫാത്തിമത്തു സാജിദയുടെ ജീവൻ പൊലിഞ്ഞത്. ഇറച്ചി, മത്സ്യ വിപണനശാലകളും മാർക്കറ്റുകളും ഭക്ഷ്യമാലിന്യം തള്ളുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് തമ്പടിക്കുന്ന തെരുവുനായകളുടെ ശല്യം അടുത്തകാലത്തായി താമരശ്ശേരി ഉൾപ്പെടെയുള്ള മലയോരപഞ്ചായത്തുകളിൽ രൂക്ഷമാണ്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളൊന്നുമുണ്ടാവുന്നില്ല.

തെരുവുനായകളുടെ ആക്രമണത്തിൽ നാളിതുവരെ ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ബസ് കാത്തിരിക്കുന്നവർക്കുമുതൽ വീട്ടിനകത്തിരുന്നവർക്കുവരെ കടിയേറ്റിരുന്നു.

റോഡരികിൽനിന്ന് നല്ല ഉയരത്തിലാണ് റീ ടാർ ചെയ്ത് നവീകരിച്ച ബാലുശ്ശേരി-താമരശ്ശേരി റീച്ചിലെ സംസ്ഥാനപാത പലയിടത്തും നിലകൊള്ളുന്നത്. ഇടറോഡുകളിൽനിന്നും റോഡരികിൽനിന്നും ബാലുശ്ശേരി-താമരശ്ശേരി റോഡിലേക്ക് പ്രവേശിക്കുന്ന കാൽനടയാത്രികർക്കും ഇരുചക്രവാഹനയാത്രികർക്കും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെള്ളിയാഴ്ച നായകളെക്കണ്ട് ഭയന്ന് മാറവേ ഉയർത്തിക്കെട്ടിയ റോഡിന്റെ വശത്ത് കാൽതട്ടിയാണ് ഫാത്തിമത്തു സാജിദ റോഡിലേക്ക് വീണതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

നായകളെ ഭയന്ന് കാൽതെറ്റി വീണു, യുവതി ലോറിക്കടിയിൽപ്പെട്ട് മരിച്ചു

താമരശ്ശേരി: മക്കളെ സ്കൂൾബസിൽ കയറ്റിവിടാൻ പോവുമ്പോൾ തെരുവുനായകളെ ഭയന്ന് കാൽതെറ്റി റോഡിലേക്ക്‌ വീണ യുവതി ടിപ്പർലോറിക്കടിയിൽപ്പെട്ട് മരിച്ചു. ചുങ്കം പനംതോട്ടം ഓർക്കിഡ് ഹിൽസ് ഹൗസിങ് കോളനിയിലെ ഫാത്തിമത്തു സാജിദ (38) ആണ് മക്കളുടെ കൺമുന്നിൽമരിച്ചത്. മലേഷ്യയിൽ ബിസിനസുകാരനായ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്. ചുങ്കത്തെ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപം വെള്ളിയാഴ്ച ഏഴരയോടെയാണ് സംഭവം. പൂനൂർ ഇഷാത്ത് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി സമനെയും ഒന്നാംക്ലാസ് വിദ്യാർഥി മുഹമ്മദ് ആരിഫിനെയും ബസിൽ കയറ്റിവിടാൻ ഇറങ്ങിയതായിരുന്നു.

ഹൗസിങ് കോളനിയിലേക്കുള്ള റോഡിൽനിന്ന്‌ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തിനു സമീപമായിരുന്നു മക്കളുടെ കൈപിടിച്ച് സാജിദ നിന്നിരുന്നത്. സ്കൂൾ ബസ് റോഡിനു മറുവശത്ത് നിർത്തിയ സമയത്താണ് രണ്ട് തെരുവുനായകൾ കുരച്ച് ബഹളമുണ്ടാക്കി അരികിലെത്തിയത്. ഭയന്ന സാജിദ ഉയർത്തിക്കെട്ടിയ റോഡരികിൽ കാൽതെറ്റി റോഡിലേക്കും ഇവരുടെ കൈപിടിച്ചിരുന്ന രണ്ടുമക്കളും റോഡിനരികിലേക്കും വീണു. ഇതിനിടെ വന്ന ടിപ്പർലോറിയുടെ പിൻചക്രങ്ങൾ ഫാത്തിമത്തു സാജിദയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അവിടെവെച്ചുതന്നെ മരിച്ചു. മക്കൾ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കോരങ്ങാട് ഫാത്തിമ മൻസിലിൽ അബ്ദുൽ മജീദിന്റെയും (റിട്ട. അധ്യാപകൻ, താമരശ്ശേരി ജി.എച്ച്.എസ്.എസ്.) റംലയുടെയും മകളാണ്. മറ്റുമക്കൾ: ദിൽഷാൻ ആബിദ് , ദിയ ആബിദ്. സഹോദരങ്ങൾ: ഫാത്തിമ സജ്ന, പരേതനായ സാജിദ്. മയ്യിത്ത് നിസ്കാരം ശനിയാഴ്ച ഏഴരയ്ക്ക് കോരങ്ങാട് ജുമാമസ്ജിദിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker