കോഴിക്കോട്: സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഉടമക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു.
വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്.
ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗതനിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന ‘തിരുവോണം’ ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയി. പരിക്കേറ്റ ദമ്പതിമാരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘തിരുവോണം’ ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ബിജുമോഹനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.