ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമായി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസീസിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗ്രൂപ്പില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഇതേസമയം നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ, ഫ്രാന്‍സിനെ അട്ടിമറിച്ചതോടെ മൂന്ന് കളികളില്‍ നിന്ന് ഒരു പോയന്റുമായി ഡെന്‍മാര്‍ക്ക് അവസാന സ്ഥാനത്തായി.
ഗോള്‍രഹിതമായിരുന്ന 59 മിനിറ്റുകള്‍ക്ക് ശേഷം 60-ാം മിനിറ്റിലാണ് ഓസ്‌ട്രേലിയയുടെ ഗോളെത്തിയത്. മാത്യു ലെക്കിയുടെ ഒരു മികച്ച സോളോ ഗോളില്‍ ഓസീസ് മുന്നിലെത്തുകയായിരുന്നു. റൈലി മഗ്രിയുടെ പാസ് സ്വീകരിച്ച ലെക്കി ഡെന്‍മാര്‍ക്ക് ഡിഫന്‍ഡര്‍ യോക്കിം മഹ്‌ലെയെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ താരത്തിന്റെ 14-ാം ഗോളായിരുന്നു ഇത്.
ജയം നിര്‍ണായകമായ മത്സരത്തില്‍ ഉണര്‍ന്നുകളിച്ചത് ഡെന്‍മാര്‍ക്കായിരുന്നു. മാര്‍ട്ടിന്‍ ബ്രെയ്ത്ത്‌വെയ്റ്റും ആന്ദ്രേസ് സ്‌കോവ് ഓള്‍സനും മത്തിയാസ് ജെന്‍സനും ചേര്‍ന്ന മുന്നേറ്റങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തി. ഗോള്‍കീപ്പറും ക്യാപ്റ്റനുമായ മാത്യു റയാന്റെ സേവുകളാണ് പലപ്പോഴും ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയയുടെ രക്ഷയ്‌ക്കെത്തിയത്.
11-ാം മിനിറ്റില്‍ ഓള്‍സന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തിയ റയാന്‍, 19-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ വീഴുന്നതും തടഞ്ഞു. 19-ാം മിനിറ്റില്‍ യോക്കിം മഹ്‌ലെ കട്ട്ബാക്ക് ചെയ്ത പന്ത് ക്ലിയര്‍ ചെയ്യാനുള്ള ഓസ്‌ട്രേലിയന്‍ താരം ഹാരി സൗട്ടറിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കേണ്ടതായിരുന്നു. ഇവിടെ കൃത്യസമയത്തുള്ള റയാന്റെ ഇടപെടല്‍ രക്ഷയായി.
മുന്നേറാന്‍ സമനില മതിയായിരുന്ന ഓസ്‌ട്രേലിയ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ നടത്തിയില്ല. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ, ഫ്രാന്‍സിനെതിരേ ലീഡെടുത്തതോടെ ഓസ്‌ട്രേലിയയും ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു. അവിടെ 58-ാം മിനിറ്റില്‍ ടുണീഷ്യ മുന്നിലെത്തിയപ്പോള്‍ ഇവിടെ 60-ാം മിനിറ്റില്‍ ലെക്കിയിലൂടെ ഓസീസ് സമനിലപ്പൂട്ട് തകര്‍ത്തു.
പിന്നാലെ ഗോളിനായി ഡെന്‍മാര്‍ക്ക് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഓസീസ് പ്രതിരോധം പതറാതെ നിലകൊണ്ടു. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ ഡെന്‍മാര്‍ക്ക് പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷ് പാളിയത് തിരിച്ചടിയായി. ഒടുവില്‍ ഒരു ഗോള്‍ ജയത്തോടെ ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍.
ലോകകപ്പിലെ ഗ്രൂപ്പുതലത്തിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന് അട്ടിമറിത്തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടൂണീഷ്യ ഫ്രാൻസിനെ അട്ടിമറിച്ചത്. പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകി രണ്ടാം നിര ടീമിനെ അണിനിരത്തിയ ഫ്രാൻസിനെതിരെ, 58–ാം മിനിറ്റിൽ പകരക്കാരൻ ക്യാപ്റ്റൻ വാബി ഖസ്രിയാണ് ടൂണീഷ്യയയുടെ ഗോൾ നേടിയത്. ഖത്തർ ലോകകപ്പിൽ തുനീസിയയുടെ ആദ്യ ഗോൾ കൂടിയാണിത്. ആദ്യ ഇലവനിൽ ആദ്യമായി ഇടംലഭിച്ച മത്സരത്തിൽ ഗോളിന്റെ തിളക്കവുമായി ഖസ്രിക്കും മടക്കം. ഇൻജറി ടൈമിൽ അന്റോയ്ൻ ഗ്രീസ്മൻ ഫ്രാൻസിന് സമനില സമ്മാനിച്ച് ലക്ഷ്യം കണ്ടെങ്കിലും, ‘വാറി’ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇത് ഓഫ്സൈഡായി.
ഫ്രാൻസിനെ അട്ടിമറിച്ചെങ്കിലും ഒരിക്കൽക്കൂടി ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെയാണ് ടൂണീഷ്യയയുടെ മടക്കം. ഗ്രൂപ്പ് ഡിയിൽ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഡെൻമാർക്കിനെ അട്ടിമറിച്ചതോടെയാണ് ടൂണീഷ്യ പ്രീക്വാർട്ടർ കാണാതെ പുറത്തായത്. തോറ്റെങ്കിലും ആദ്യ രണ്ടു കളികളിൽ നേടിയ മികച്ച വിജയങ്ങളുടെ പിൻബലത്തിൽ ഫ്രാൻസ് ഗ്രൂപ്പ് ചാംപ്യൻമാരായി. ഡെൻമാർക്കിനെ വീഴ്ത്തിയ ഓസ്ട്രേലിയയ്ക്കും ആറു പോയിന്റുണ്ടെങ്കിലും, ഗോൾശരാശരിയിൽ പിന്നിലായതോടെ രണ്ടാം സ്ഥാനക്കാരായി അവരും പ്രീക്വാർട്ടറിലെത്തി.
ആദ്യപകുതിയിൽ ഒട്ടേറെ ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതിന്റെ നിരാശ മറന്നാണ് രണ്ടാം പകുതിയിൽ 58–ാം മിനിറ്റിൽ ടൂണീഷ്യ ലീഡ് പിടിച്ചത്. മത്സരത്തിലുടനീളം ഫ്രഞ്ച് ഗോൾമുഖം ആക്രമിച്ച ടൂണീഷ്യയയ്ക്ക് കാവ്യനീതി പോലെ ലഭിച്ച പ്രതിഫലമായിരുന്നു ആദ്യ ഗോൾ. ഫ്രാൻസിന്റെ മുന്നേറ്റത്തിനു തടയിട്ട് മൈതാന മധ്യത്തിൽനിന്ന് തുനീസിയ നടത്തിയ കൗണ്ടർ അറ്റാക്കാണ് ഗോളിൽ കലാശിച്ചത്. പന്തു ലഭിച്ച ഐസ ലൈദൂനി അത് മുൻനിരയിൽ ക്യാപ്റ്റൻ വാബി ഖസ്‌റിക്കു മറിച്ചു. പന്തുമായി രണ്ട് ഫ്രഞ്ച് ഡിഫൻഡർമാരെ മറികടന്ന് മുന്നേറിയ ഖസ്‌റി, മുന്നോട്ടു കയറിയെത്തിയ പകരക്കാരൻ ഗോൾകീപ്പർ മന്ദാദയെ മറികടന്ന് പന്ത് പോസ്റ്റിന്റെ വലതുമൂലയിൽ നിക്ഷേപിച്ചു. സ്കോർ 1–0.
ഗോൾ വീണതിനു പിന്നാലെ ടീമിലെ പ്രമുഖ താരങ്ങളെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസ് കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ഗോൾ വീണതിനു പിന്നാലെ കിലിയൻ എംബപ്പെ, അന്റോയ്ൻ ഗ്രീസ്മൻ, അഡ്രിയാൻ റാബിയോട്ട്, ഒസ്മാൻ ഡെംബലെ തുടങ്ങിയവരെയാണ് ഫ്രഞ്ച് പരിശീലകൻ കളത്തിലെത്തിച്ചത്. തകർപ്പൻ പ്രതിരോധവുമായി ശേഷിക്കുന്ന സമയമത്രയും ചെറുത്തുനിന്ന ടൂണീഷ്യ ലോകകപ്പിലെ ആദ്യ ജയവുമായി മടങ്ങി.
ടൂണീഷ്യയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങും മുൻപ് ഫ്രാൻസ് വരുത്തിയത് ഒൻപത് മാറ്റങ്ങളാണ്; പ്രീക്വാർട്ടർ ഉറപ്പിക്കാൻ വിജയം അനിവാര്യമായ തുനീസിയ ആറും! താരങ്ങളുടെ മാറ്റം കളത്തിലും കളിയിലും പ്രകടമായ ആദ്യപകുതിയിൽ, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനമാണ് ടൂണീഷ്യ പുറത്തെടുത്തത്. ആക്രമിച്ചു കളിച്ച തുനീസിയ കുറഞ്ഞത് മൂന്നു ഗോളിനെങ്കിലും മുന്നിലെത്തേണ്ടിയിരുന്ന ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചത് ഫ്രഞ്ച് പടയുടെ ഭാഗ്യം! ഫ്രഞ്ച് നിരയിൽ പ്രമുഖ താരങ്ങളുടെ അഭാവം വ്യക്തമായി നിഴലിച്ച ആദ്യപകുതിയിൽ, കളത്തിൽ കണ്ടത് ടൂണീഷ്യയയുടെ ആധിപത്യം.
ഖത്തർ ലോകകപ്പിൽ ആദ്യമായി ടൂണീഷ്യ നേടിയ ഗോൾ ഓഫ്സൈഡിൽ കുരുങ്ങിയത് അവരുടെ നിർഭാഗ്യവുമായി. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ഫ്രഞ്ച് പടയെ വിറപ്പിച്ച ടൂണീഷ്യ, എട്ടാം മിനിറ്റിലാണ് നാദർ ഖാന്ദ്രിയിലൂടെ പന്ത് വലയിലെത്തിച്ചത്. എന്നാൽ, താരം ഓഫ്സൈഡായതോടെ ടൂണീഷ്യയയുടെ ആദ്യ ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടു. ഇതുൾപ്പെടെ ഒട്ടേറെ അവസരങ്ങളാണ് ആദ്യ പകുതിയിൽ ടൂണീഷ്യ സൃഷ്ടിച്ചത്. ലോകകപ്പിൽ കളിക്കുന്ന പ്രായം കൂടിയ ഫ്രഞ്ച് താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ പകരക്കാരൻ ഗോൾകീപ്പർ സ്റ്റീവ് മന്ദാദയെ ആദ്യപകുതിയിലുടനീളം വിറപ്പിച്ചാണ് ടൂണീഷ്യൻ താരങ്ങൾ ഇടവേളയ്ക്കു കയറിയത്.