കൊളി:എറണാകുളം ജില്ലയില്‍ വിദേശത്തു നിന്നെത്തുന്ന ആളുകളെയും രാജ്യത്തെ ഹോട്സ്പോട്ടുകളില്‍ നിന്നെത്തുന്നവരെയും താമസിപ്പിക്കാനായി താത്കാലിക നിരീക്ഷണ കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ കോവിഡ് ഇന്‍സിഡന്‍റ് കമാന്‍ഡര്‍ കൂടിയായ സബ്കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പഞ്ചായത്ത് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി തുറമുഖം എന്നീ അന്താരാഷ്ട്ര ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തന സജജമാവുമ്പോള്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം.
ആദ്യമെത്തുന്നവര്‍ക്കായി കളമശ്ശേരി രാജഗിരി ഹോസ്റ്റലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് മൂന്നു നേരത്തെ ഭക്ഷണമൊരുക്കാന്‍ കളമശ്ശേരി മുന്‍സിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. നിരീക്ഷണ കാലയളവില്‍ താമസിക്കുന്നവര്‍ക്കാവശ്യമായ തോര്‍ത്ത്, ടൂത്ത് ബ്രഷ്, ടൂത്ത പേസ്റ്റ്, ആവശ്യമായ ബക്കറ്റുകള്‍, കപ്പുകള്‍, സോപ്പ്, ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങള്‍, ഗ്ലാസുകള്‍, കിടക്ക, കിടക്ക വിരി, തലയിണ, തുടങ്ങിയവ ക്രമീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും.
ആരോഗ്യ കാര്യങ്ങളുടെ ചുമതല തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിനായിരിക്കും. നിരീക്ഷണ സമയത്ത് രോഗങ്ങള്‍ ബാധിച്ചാല്‍ ടെലിമെഡിസിന്‍ സംവിധാനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയിലേക്ക് മാറ്റണ്ട സാഹചര്യമുണ്ടായാല്‍ കണ്‍ട്രോള്‍ റൂം വഴി സംവിധാനങ്ങള്‍ ക്രമീകരിക്കും.
രാജഗിരി ഹോസ്റ്റലിനു പുറമെ മുട്ടം എസ്.സി.എം.എസ് ഗേള്‍സ് ഹോസ്റ്റല്‍, കറുകുറ്റി എസ്.സി.എം.എസ് ബോയ്സ് ഹോസ്റ്റല്‍, മൂവാറ്റുപുഴ നെസ്റ്റ്, കാക്കനാട് രാജഗിരി ഹോസ്റ്റല്‍ എന്ന സ്ഥലങ്ങളിലായിരിക്കും നിരീക്ഷണ സംവിധാനമൊരുക്കുന്നത്.