KeralaNews

തിരുവനന്തപുരം നഗര പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും : ഹോം ഡെലിവറി അടക്കം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം.

ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാൽ ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കൽ പാടില്ല. കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം.

50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം. വൈകിട്ട് നാലുമുതൽ ആറുവരെയുള്ള സമയത്തെ വിൽപ്പന മുതിർന്ന പൗരന്മാർക്കായി പരിമിതപ്പെടുത്തണം.

മാർക്കറ്റുകളിൽ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല.

എല്ലാത്തരം കാർഷിക, കെട്ടിടനിർമാണ പ്രവർത്തനങ്ങളും കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. സിനിമാ ഹാൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, ബാർ എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല.

മേൽപ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ലെന്നും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിൻമെന്റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുമെന്നും കളക്ടർ അറിയിച്ചു.

തീരദേശ പ്രദേശങ്ങളിലും ലോക്ക്ഡൗൺ തുടരും

 

തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ മുതൽ പെരുമാതുറ, പെരുമാതുറ മുതൽ വിഴിഞ്ഞം, വിഴിഞ്ഞം മുതൽ പൊഴിയൂർ എന്നിങ്ങനെ ജില്ലയിലെ തീരദേശപ്രദേശത്തെ മൂന്നു സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ നടപ്പാക്കുക. ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീവിദ്യ, ദിവ്യ അയ്യർ എന്നിവരാണ് ഇൻസിഡന്റ് കമാൻഡർമാർ. പ്രദേശത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഓഗസ്റ്റ് ആറുവരെ തുടരുമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button