തിരുവനന്തപുരം:നാല്പത്തിയഞ്ച് വർഷത്തെ ചരിത്രം പറയാനുണ്ട് തിരുവനന്തപുരത്തെ ധന്യ – രമ്യ തിയേറ്ററിന്. നാല് പതിറ്റാണ്ടുകളോളം സിനിമാപ്രേമികളുടെ മനസ് നിറച്ച തിയേറ്റർ ഇനി ഓർമയാകുന്നു. ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയ തിയേറ്റർ സമുച്ചയം കഴിഞ്ഞ ദിവസം മുതൽ പൊളിച്ചു തുടങ്ങി. 1977-ൽ ആണ് തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് സമീപം ഇരു തിയേറ്ററുകളുടെയും പ്രവർത്തനമാരംഭിച്ചത്. പഴയ തിയേറ്ററിന്റെ സ്ഥാനത്ത് പുതിയ മൾട്ടിപ്ളെക്സ് വന്നേക്കുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനവാസികളെന്ന് എഴുത്തുകാരനും ഫോട്ടോഗ്രാഫകനുമായ സെയ്ദ് ഷിയാസ് മിർസ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നാല്പത്തിയഞ്ച് വർഷത്തെ ചരിത്രം പേറുന്ന തലസ്ഥാനത്തെ ധന്യ – രമ്യ തിയേറ്റർ ഓർമ്മയാകുന്നു. ഒരു വർഷം മുൻപ് ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയ തിയേറ്റർ സമുച്ചയം കഴിഞ്ഞ ദിവസം മുതൽ പൊളിച്ചു തുടങ്ങി. 1977-ൽ ആണ് തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് സമീപം ഇരു തിയേറ്ററുകളുടെയും പ്രവർത്തനമാരംഭിച്ചത്. കസ്‌തൂരി, ശ്രീകാന്ത് എന്നായിരുന്നു തിയേറ്ററുകളുടെ പേരുകൾ.ശശികുമാർ സംവിധാനം ചെയ്ത് പ്രേംനസീറും തിക്കുറിശ്ശി സുകുമാരൻ നായരും ജോസ് പ്രകാശും കെ.പി.എ.സി ലളിതയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സഖാക്കളെ മുന്നോട്ട്, ഹോളിവുഡ് 70 എം.എം യുദ്ധ സിനിമയായ സ്‌പാർട്ടക്കസ് എന്നിവയായിരുന്നു ഉദ്ഘാടന ചിത്രങ്ങൾ.
1979-ൽ കസ്‌തൂരി, ശ്രീകാന്ത് തിയേറ്ററുകൾ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. തുടർന്ന് തിയേറ്ററുകൾക്ക് ധന്യ, രമ്യ എന്നിങ്ങനെ പുനർ നാമകരണം ചെയ്തു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ഷാനവാസും അംബികയും ജോടികളായ പ്രേമഗീതങ്ങൾ, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് സുകുമാരനും സീമയും ജി.കെ. പിള്ളയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അവതാരവുമായിരുന്നു ധന്യ, രമ്യയിലെ ഉദ്ഘാടന ചിത്രങ്ങൾ. തലസ്ഥാനത്തെ മേയറായിരുന്ന എം.പി. പത്മനാഭനാണ് ധന്യ, രമ്യ തിയേറ്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ബാലചന്ദ്രമേനോന്റെ ഒട്ടുമിക്ക സൂപ്പർ ഹിറ്റുകളും ധന്യ, രമ്യയിലാണ് പ്രദർശിപ്പിച്ചത്. കാര്യം നിസ്സാരം, ശേഷം കാഴ്‌ചയിൽ, ചിരിയോ ചിരി, അങ്ങനെ ലിസ്റ്റ് നീളും.
അരോമയുടെയും സെഞ്ച്വറിയുടെയും സിനിമകൾ റിലീസ് ചെയ്തിരുന്നതും ധന്യ, രമ്യയിലാണ്. ഒരുകാലത്ത് മമ്മൂട്ടിച്ചിത്രങ്ങൾ പതിവായി റിലീസ് ചെയ്തിരുന്ന തിയേറ്റററാണിത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ഇൻസ്‌പെക്ടർ ബൽറാം, അമരം, കോട്ടയം കുഞ്ഞച്ചൻ, ഹിറ്റ്‌ലർ, കൗരവർ, ധ്രുവം, കഥ പറയുമ്പോൾ, ദി കിംഗ് തുടങ്ങി ഇവിടെ റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രങ്ങൾ നിരവധിയാണ്.മോഹൻലാലിന്റെ സ്‌ഫടികവും തന്മാത്രയും ഇരുപതാം നൂറ്റാണ്ടുമടക്കമുള്ള ചിത്രങ്ങൾ റിലീസ് ചെയ്തതും ഇവിടെത്തന്നെ. സുരേഷ് ഗോപിയെ സൂപ്പർ താരപദവിയിലവരോധിച്ച കമ്മിഷണറും ഇവിടെ റിലീസ് ചെയ്ത ചിത്രമാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനാണ് ധന്യ, രമ്യയിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം. നവോദയയ്ക്ക് വേണ്ടി ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ ഇവിടെ ഒരു വർഷത്തിന് മേൽ പ്രദർശിപ്പിച്ചു. ആദ്യവാരങ്ങളിൽ ദിവസേന ഏഴ് ഷോ വീതമാണ് കുട്ടിച്ചാത്തൻ പ്രദർശിപ്പിച്ചത്.
അരോമയ്ക്ക് വേണ്ടി കെ. മധു – എസ്. എൻ. സ്വാമി ടീമൊരുക്കിയ സൂപ്പർ താര ചിത്രങ്ങളായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെയും നൂറാം ദിനാഘോഷം ധന്യ, രമ്യ തിയേറ്ററിൽ ഒരേ ദിവസമാണ് നടന്നത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മുഖ്യാതിഥിയായി നിത്യഹരിത നായകൻ പ്രേംനസീറും പങ്കെടുത്ത ആഘോഷച്ചടങ്ങിന് തലസ്ഥാനം കണ്ട ഏറ്റവും വലിയ ആൾക്കൂട്ടമാണ് സാക്ഷിയായത്.അല്ലു അർജ്ജുനും ജയറാമും പ്രധാന വേഷങ്ങളവതരിപ്പിച്ച അങ്ങ് വൈകുണ്ഠപുരത്താണ് ഇവിടെ ഒടുവിൽ പ്രദർശിപ്പിച്ച ചിത്രം. ലോക്ക് ഡൗൺ കാലത്ത് അടച്ച തിയേറ്റർ പിന്നീട് തുറന്നില്ല. പഴയ കെട്ടിടം പൊളിച്ച് മാറ്റുമ്പോൾ തലസ്ഥാനവാസികളുടെ ഹൃദയത്തിലടം നേടിയ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച സിനിമാശാലയാണ് ഇല്ലാതാകുന്നത്. മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ റോയ് മാത്യുവാണ് ഇപ്പോഴത്തെ ഉടമ. പഴയ തിയേറ്ററിന്റെ സ്ഥാനത്ത് പുതിയ മൾട്ടിപ്ളെക്സ് വന്നേക്കുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനവാസികൾ.