തിരുവനന്തപുരം: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയതതോടെ നിശ്ചലമായി തലസ്ഥാന നഗരവും. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂര്‍ , കിഴക്കേക്കോട്ട ഉള്‍പ്പടെയുള്ള ഇടങ്ങള്‍ വിജനമാണ്. ബീച്ചുകളും മാളുകളും ബ്യൂട്ടിപാര്‍ലറുകളും അടച്ചിടണമെന്നായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം. വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൌരന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാകാത്തതിനാലാണ് ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പല ആവശ്യങ്ങള്‍ക്കായി ആയിരക്കണക്കിന് പേരാണ് തലസ്ഥാന നഗരിയിലെത്തുന്നത്. ജാഗ്രതാ നിര്‍ദേശത്തിന് ശേഷം കെഎസ്ആര്‍ടിസി ബസ്സുകളില്‍ പത്ത് ശതമാനം പോലും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തിയ ട്രെയിനുകളും വിജനമായിരുന്നു. കോവിഡ് വൈറസുമായി ബന്ധപ്പെട്ട് മറ്റ് ജില്ലകളില്‍ വലിയ ആശങ്ക ഉയര്‍ന്നപ്പോഴും തലസ്ഥാനനഗരി രോഗത്തില്‍ നിന്നും മുക്തമായിരുന്നു.
രോഗബാധിതനായ ഇറ്റാലിയന്‍ പൌരന്‍ രണ്ടാഴ്ചക്കിടെ കൊല്ലത്തെത്തി ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തിരുന്നതായി അധികൃതര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിനാല്‍ ആശങ്കയിലാണ് തലസ്ഥാനം ഉള്ളത്. മിക്ക സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വീട്ടില്‍ ഇരുന്നു ജോലി ചെയ്യാനുള്ള അവസരം നല്‍കിയിരിക്കുകയാണ്.