തിരുവനന്തപുരം:കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്.
വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണം എന്ന് ശുപാർശ ചെയ്ത സാഹചര്യത്തിലാണിത്.
രോഗവ്യാപനത്തിൽ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. രണ്ടാംതരംഗത്തിന്റെ പ്രതിസന്ധികൾ മറികടക്കാൻ പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെൻഷൻ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ മേയ് 16 വരെയാണ്. ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്
ലോക്ക് ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമത്തിലാവും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹികസുരക്ഷ പെൻഷൻ ഉടനെ പൂർത്തിയാക്കും. 823 കോടി രൂപ പെൻഷനായി നൽകും. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് ആയിരം രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷേമനിധികളുടെ ഫണ്ട് ഇതിനായി ഉപയോഗിക്കും. ഫണ്ടില്ലാത്തവർക്ക് സർക്കാർ സഹായം നൽകും. ക്ഷേമനിധിയിൽ സഹായം കിട്ടാത്ത ബിപിൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം നൽകും. സാമൂഹികക്ഷേമ – വനിത ശിശുക്ഷേവകുപ്പുകളിലെ അംഗനവാടി ടീച്ചർമാർ അടക്കമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകും. കുടുംബശ്രീയുടെ 19500 എഡിഎസുകൾക്ക് 1 ലക്ഷം രൂപ വീതം റിവോൾവിംഗ് ഫണ്ടായി അനുവദിക്കും.
കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഈ വർഷത്തെ സബ്സിഡി 93 കോടി രൂപ മുൻകൂറായി നൽകും. വസ്തു നികുതി ടൂറിസം നികുതി ലൈസൻസ് പുതുക്കൽ എന്നിവക്കുള്ള സമയം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.