26.2 C
Kottayam
Thursday, May 16, 2024

തൃണമൂല്‍ ബാന്ധവം അവസാനിപ്പിച്ചു,മുകുൾ റോയ് വീണ്ടും ബിജെപിയിലേക്ക്;മമതയുമായി ഇനി അടുക്കില്ല, അമിത് ഷായെ കാണണം’

Must read

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബി.ജെ.പിയില്‍ തന്നെ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകന്‍ കൂടിയായ മുകുള്‍ റോയ് മമതയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്‌ 2017-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2020-ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി അദ്ദേഹം ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം റോയ് വീണ്ടും തൃണമൂലില്‍ എത്തുകയായിരുന്നു. എം.എല്‍.എ. സ്ഥാനം രാജിവെക്കാതെയായിരുന്നു അദ്ദേഹം തൃണമൂലിലേക്ക് തിരിച്ചെത്തിയത്.

കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍ സുഭ്രഗ്ഷു റോയി രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട മുകുള്‍ റോയിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്.

ഡല്‍ഹിയില്‍ എത്തിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്; ‘ഞാന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ ഒരു പ്രത്യേക ജോലിക്ക് വന്നതാണ്. എനിക്ക് ഡല്‍ഹിക്ക് വരാന്‍ പറ്റില്ലേ.. ഞാന്‍ എംപിയായിരുന്നു’ എന്നായിരുന്നു മുകുള്‍ റോയിയുടെ പ്രതികരണം. ഇത് അദ്ദേഹത്തെ വീണ്ടും ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, പ്രത്യേക രാഷ്ട്രീയ കാരണമല്ല തന്റെ ഡല്‍ഹി സന്ദര്‍ശനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹം ഒരു ബംഗാളി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഞാന്‍ ഇപ്പോഴും ബിജെപി എംഎല്‍എയാണ്. ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യം പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. എനിക്ക് അമിത് ഷായെ കാണാനും ജെ പി നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്’.

സുഖമില്ലാത്തത് കൊണ്ടാണ് കുറച്ചുകാലമായി സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നത്. ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലുമായി ഇനി അടുക്കില്ലെന്ന് 100 ശതമാനം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

മകനെ കുറിച്ചുള്ള ചോദ്യത്തിന് അവന്‍ കൂടി ബിജെപിയില്‍ ചേരണം, അതാകും അവന് ഏറ്റവും ഉചിതമെന്നും മുകുള്‍ റോയ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week